നീതു കുഞ്ഞിനെ തട്ടിയെടുത്തത് ആണ്‍സുഹൃത്തിനെ ബ്ലാക്മെയില്‍ ചെയ്യാന്‍; നിർണായക വിവരങ്ങൾ പുറത്ത്
മെഡിക്കൽ കോളജിന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് ആസൂത്രണം നടത്തിയ നീതു, പല തവണ ഗൈനക്കോളജി വിഭാഗത്തിലെത്തി
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതി നീതു കുഞ്ഞിനെ തട്ടിയെടുത്തത് ആണ്‍സുഹൃത്തിനെ ബ്ലാക്ക്മെയിൽ ചെയ്യാനെന്നാണ് വിവരം. കുഞ്ഞ് സുഹൃത്തിന്‍റേതെന്ന് ചിത്രീകരിക്കാനായിരുന്നു നീക്കം. മെഡിക്കൽ കോളജിന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് ആസൂത്രണം നടത്തിയ നീതു പല തവണ ഗൈനക്കോളജി വിഭാഗത്തിലെത്തിയിരുന്നുവെന്നും കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ വാർഡിൽ അമ്മയിൽ നിന്നു നവജാത ശിശുവിനെ മോഷ്ടിച്ച നീതുവിനെ മൂന്നു മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടുകയായിരുന്നു. നഴ്സിന്റെ വേഷത്തിലെത്തിയാണ് നീതു കുഞ്ഞിനെ കടത്തിയത്.
വണ്ടിപ്പെരിയാർ സ്വദേശിയായ ശ്രീജിത്തിന്റെയും അശ്വതിയുടെയും കുഞ്ഞിനെയാണു നീതു തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് 2.45നാണ് സംഭവം. ശ്രീജിത്ത് പുറത്തുപോയപ്പോള്‍ നഴ്സിന്റെ വേഷത്തിൽ വാർഡിലെത്തിയ നീതു, കുഞ്ഞിന് മഞ്ഞനിറമുണ്ട് പരിശോധിക്കണം എന്നു പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കൊണ്ടുവരാതിരുന്നതോടെയാണ് തട്ടിപ്പ് വ്യക്തമായത്.
കുഞ്ഞുമായി താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയ നീതു ടാക്സിയിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പിടിയിലായത്. ആണ്‍സുഹൃത്ത് തരാനുള്ള 30 ലക്ഷം രൂപ തിരികെ വാങ്ങാനുള്ള തന്ത്രമായിരുന്നു കുഞ്ഞിനെ തട്ടിയെടുക്കലെന്നു നീതു പൊലീസിനോടു പറഞ്ഞു. താൻ പ്രസവിച്ച കുഞ്ഞാണെന്നു വിശ്വസിപ്പിച്ചു പണം തിരികെ വാങ്ങാനായിരുന്നു പദ്ധതിയെന്നാണ് മൊഴി. നീതു നേരത്തെ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭം അലസിയത് ഭര്‍ത്താവിനോട് പറഞ്ഞു. ആണ്‍സുഹൃത്തിനോട് പറഞ്ഞില്ല.
Adjust Story Font
16