വീടിന്റെ മുൻഭാഗത്തെ റോഡില്‍ വിറകിട്ടത് ചോദ്യം ചെയ്തു; ഭിന്നശേഷിക്കാരനായ യുവാവിന് അയൽവാസികളുടെ ക്രൂരമർദനം
ചൂരൽ കൊണ്ട് യുവാവിനെ തലങ്ങും വിലങ്ങും അടിച്ചെന്നും പരാതി
കോട്ടയം: ഭിന്നശേഷിക്കാരനായ യുവാവിന് നേരെ അയൽവാസികളുടെ ക്രൂരമർദനം. കോട്ടയം കങ്ങഴ സ്വദേശി ജോപ്പനാണ് മർദനമേറ്റത്. സംഭവത്തിൽ അയൽവാസികളായ ദമ്പതികൾക്കെതിരെ കറുകച്ചാൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.
അയൽവാസികൾ തന്‍റെ വീടിന്റെ മുൻഭാഗത്തായി റോഡിൽ വിറകു കൊണ്ടിട്ടത് ജോപ്പൻ ചോദ്യം ചെയ്തു.ഇതേത്തുടർന്നായിരുന്നു ഭിന്നശേഷിക്കാരനായ ജോപ്പനെ ക്രൂരമായി മർദിച്ചത്. കങ്ങഴ കാരമല സ്വദേശികളായ അൻവർ, ഭാര്യ ഫാത്തിമ, മകൻ ഷൗക്കത്ത് എന്നിവരാണ് പ്രതികൾ. അൻവറും ഫാത്തിമയും യുവാവിനെ മർദിക്കുന്നത് കണ്ടെത്തിയ മകൻ ഷൗക്കത്ത് ചൂരൽ കൊണ്ട് യുവാവിനെ തലങ്ങും വിലങ്ങും അടിച്ചു. ശരീരമാസകലം പരിക്കേറ്റ ജോപ്പൻ്റെ ഇടതു കൈ പൊട്ടി.
പാമ്പാടി സർക്കാർ ആശുപത്രിയിൽ ജോപ്പൻ ചികിത്സ തേടിയിരുന്നു. ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്നുള്ള മർദനം , ഭിന്നശേഷിക്കാരൻ്റെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്ക് എതിരായി കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് കറുകച്ചാൽ പൊലീസ് അറിയിച്ചു.
Adjust Story Font
16