Quantcast

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ നെതർലാൻഡ്‌സ്

2018ലെ പ്രളയത്തിനു ശേഷം നെതർലൻഡ്‌സിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും സഹായങ്ങളും ദുരന്തനിവാരണ രംഗത്ത് കേരളത്തിനു മുതൽക്കൂട്ടായി മാറിയെന്ന് മുഖ്യമന്ത്രി

MediaOne Logo
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ നെതർലാൻഡ്‌സ്
X

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ വളർത്തിയെടുക്കാൻ കേരളം നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് നെതർലാൻഡ്‌സ് അംബാസിഡർ മാർട്ടെൻ വാൻ-ഡെൻ ബെർഗ്‌സ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം നവീകരണത്തിന്റെ പാതയിലാണ്. നെതർലാൻഡ്‌സിലെ സാങ്കേതിക സർവ്വകലാശാലകളുമായി കൂടുതൽ മികച്ച രീതിയിൽ സഹകരിക്കാൻ അവസരം ഉണ്ടാകണം. കേരളവും നെതർലാൻഡ്‌സുമായി നിലനിൽക്കുന്ന അക്കാദമിക സഹകരണത്തിന്റെ സുദീർഘ ചരിത്രം മുഖ്യമന്ത്രി അനുസ്മരിച്ചു.

കേരളത്തിന്റെ വ്യവസായ മേഖലയിൽ ഡച്ച് കമ്പനികളുടെ കൂടുതൽ നിക്ഷേപം കൊണ്ടുവരണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന അദ്ദേഹം സ്വീകരിച്ചു. നെതർലാൻഡ്‌സിലെ വിനോദ സഞ്ചാരികളെ മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തു. 2018ലെ പ്രളയത്തിനു ശേഷം നെതർലൻഡ്‌സിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും സഹായങ്ങളും ദുരന്തനിവാരണ രംഗത്ത് കേരളത്തിനു മുതൽക്കൂട്ടായി മാറിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. റൂം ഫോർ റിവർ പദ്ധതി കുട്ടനാട് മേഖലയിൽ പ്രളയ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്നും പറഞ്ഞു.

പഴവർഗങ്ങളുടേയും പുഷ്പങ്ങളുടേയും കൃഷിയിലും മൂല്യവർദ്ധനവിനും ആവശ്യമായ ആധുനിക സാങ്കേതികതകൾ വികസിപ്പിക്കുന്ന മികവിൻറെ കേന്ദ്രങ്ങൾ നെതർലാൻഡ്‌സ് സഹകരണത്തോടെ വയനാട് അമ്പലവയവയലിൽ ആരംഭിച്ചിട്ടുണ്ട്. കൃഷി, ജല വിഭവം, സാങ്കേതിക വിദ്യാഭ്യാസം, കാലാവസ്ഥാ പ്രശ്‌നങ്ങൾ തുടങ്ങിയ മേഖലകളിൽ നെതർലാൻഡ്‌സ് സംഘം സഹകരണം വാഗ്ദാനം ചെയ്തു. ഉപ്പുവെള്ള കൃഷി, പാലുത്പാദനം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ സഹകരിക്കും. ഇന്നലെ നടന്ന ഉദ്യോഗസ്ഥ ചർച്ചയും അംബാസഡറുമായി നടന്ന കൂടിക്കാഴ്ചയും ഫലപ്രദമായിരുന്നുവെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

നെതർലാൻഡ്‌സ് സാമ്പത്തിക ഉപദേഷ്ടാവ് ജൂസ്റ്റ് ഗീജർ, ഇൻഫ്രാസ്ട്രക്ചർ ആൻഡ് വാട്ടർ റിസോഴ്‌സസ് മന്ത്രാലയം സീനിയർ പോളിസി ഓഫീസർ, ലൂയിറ്റ്-ജാൻ ഡിഖൂയിസ്, ബംഗളൂരുവിലെ ഡെപ്യൂട്ടി കോൺസൽ ജനറൽ, ഹെയ്ൻ ലഗെവീൻ, ഇന്നൊവേഷൻ ഓഫീസർ ആകാൻക്ഷ ശർമ്മ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

Netherlands to co-operate with Kerala in higher education

TAGS :

Next Story