പാൽ തൊണ്ടയിൽ കുടുങ്ങി; 71കാരി ജന്മം നൽകിയ കുഞ്ഞ് 45-ാം ദിനം മരിച്ചു
ഒന്നര വർഷം മുൻപ് 35 വയസ്സുള്ള ഇവരുടെ മകൻ സുജിത് സൗദിയിൽ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചത്.
ഹരിപ്പാട്: എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് 45ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട.അധ്യാപിക സുധർമ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജന്മം നൽകിയ പെൺകുഞ്ഞാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശേഷിയും കുറവായതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെയാണ് കഴിഞ്ഞ 28നു രാമപുരത്തെ വീട്ടിൽ കൊണ്ടുപോയത്.
സുധർമയും ഭർത്താവ് റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷൻ ഓഫിസർ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചിരുന്നത്. തൂക്കം 1.100 കിലോയിൽ നിന്നും 1.400 കിലോയിലേക്ക് ഉയരുകയും ചെയ്തിരുന്നു.
ഒന്നര വർഷം മുൻപ് 35 വയസ്സുള്ള ഇവരുടെ മകൻ സുജിത് സൗദിയിൽ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്നു സുധർമയും സുരേന്ദ്രനും ആഗ്രഹിച്ചത്. അങ്ങിനെയാണ് കൃത്രിമ ഗർഭ ധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ ലളിതാംബിക കരുണാകരന്റെ നേതൃത്വത്തിൽ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
Adjust Story Font
16