കുരുക്ക് മുറുകുന്നു; ദിലീപിനെതിരെ പുതിയ കേസ്
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് കേസെടുത്തത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാർ മീഡിയവൺ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ബാലചന്ദ്രകുമാർ ആവർത്തിക്കുകയും ചെയ്തു. ശബ്ദരേഖയും ഫോൺ റെക്കോഡുകളും അടക്കം തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
എസ്.പി കെ.എസ് സുദര്‍ശന്റെ കൈവെട്ടണമെന്ന് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ബാലചന്ദ്രകുമാര്‍ തെളിവു സഹിതം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കുകയായിരുന്നു. ദിലീപിന്റെ സംഭാഷണം താന്‍ അന്ന് ടാബില്‍ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ മീഡിയവണിനോട് പറഞ്ഞിരുന്നു. ഈ ശബ്ദ സാമ്പിള്‍ ഉള്‍പ്പെടെ പൊലീസിന് കൈമാറി. നടിയെ ആക്രമിച്ച കേസിലെ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെ ഉടന്‍ അന്വേഷണസംഘം ചോദ്യംചെയ്തേക്കും.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂർത്തിയാക്കാനിരിക്കെയാണ് ദിലീപിനെതിരെ ബാലചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശം ഉണ്ടെന്നായിരുന്നു ആദ്യ വെളിപ്പെടുത്തൽ. പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.
ഫെബ്രുവരി 16ന് വിചാരണ പൂർത്തിയാക്കി വിധി പറയേണ്ടതിനാൽ ഈ മാസം 20ന് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണം. ക്രൈംബ്രാഞ്ച് ഐ.ജി ഫിലിപ്പ്, എസ്.പിമാരായ കെ.എസ് സുദർശൻ, സോജൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. 13 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുനി അമ്മയെ ഏൽപിച്ച കത്ത് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. കോടതി നിർദേശം അനുസരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്ന് യോഗത്തിനു ശേഷം എ.ഡി.ജി.പി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16