വിവാഹത്തിന് മുൻകൂർ അനുമതി വേണം, മാളുകളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും
കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്..
കോവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേർക്ക് പരിശോധന നടത്തും. വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികൾ എന്നിവയ്ക്ക് മുൻകൂർ അനുമതി വേണം. മാളുകളില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തും. ഇക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പൊലീസ് ഉറപ്പ് വരുത്തണം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ പരിശോധിക്കും. കണ്ടെയിന്‍മെന്‍റ് സോണുകളിൽ ശക്തമായ നിയന്ത്രണം തുടരണം. സ്കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പെടുത്തണം. ട്യൂഷൻ സെന്‍ററുകളിലും ജാഗ്രത വേണം. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശനമായ നിയന്ത്രണം തുടരും.
കോവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം ജില്ലയില്‍ മെഗാ ക്യാംപ് മുടങ്ങി. വാക്സിനെടുക്കാനെത്തിയവരെ തിരിച്ചയച്ചു. ഇന്ന് കൂടുതല്‍ വാക്സിന്‍ എത്തിയില്ലെങ്കില്‍ മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ മുടങ്ങുമെന്നാണ് ആശങ്ക.
തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വാക്സിന്‍ ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പില്‍ ഇന്ന് 100 പേര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞത്. 11 മണിക്ക് ശേഷം വാക്സിനെടുക്കാനെത്തിയവരെ മുഴുവന്‍ തിരിച്ചയച്ചു. കോവാക്സിന്‍ എടുത്തവര്‍ക്ക് സംസ്ഥാനത്തിന്റെ പല ഭാഗത്തും രണ്ടാം ഡോസ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
സംസ്ഥാനം ആവശ്യപ്പെട്ട വാക്സിന്റെ ചെറിയൊരു ശതമാനം മാത്രമാണ് കേന്ദ്രം കഴിഞ്ഞ ദിവസം അനുവദിച്ചത്. ഇന്ന് കൂടുതല്‍ വാക്സിന്‍ എത്തിയില്ലെങ്കില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ താളം തെറ്റും. തിരുവനന്തപുരവും എറണാകുളവും അടക്കം 5 ജില്ലകളിലാണ് കോവീഷീല്‍ഡ് വാക്സിന്‍ ക്ഷാമം നേരിടുന്നത്. കോവാക്‌സിൻ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് നൽകേണ്ടതിനാല്‍ നിലവിലുളള കോവാക്സിന്‍ രണ്ടാം ഡോസിനായി മാറ്റിവെക്കാനാണ് തീരുമാനം. ഒരാഴ്ചത്തേക്കെങ്കിലുമുള്ള വാക്സിന്‍ എത്തിയാല്‍ മാത്രമാണ് ക്യാംപുകള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ കഴിയൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16