പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡം, 10 മുതല്‍ 20 ശതമാനം വരെ സീറ്റ് വര്‍ധിപ്പിക്കും: മന്ത്രി നിയമസഭയില്‍
അപേക്ഷകരുടെ എണ്ണം വർധിക്കുന്നത് പരിശോധിച്ചാകും പുതിയ ബാച്ചുകൾ അനുവദിക്കുക
പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡവുമായി സർക്കാർ. നാല് ഇന മാനദണ്ഡമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പ്രഖ്യാപിച്ചത്. അപേക്ഷകരുടെ എണ്ണം വർധിക്കുന്നത് പരിശോധിച്ചാകും പുതിയ ബാച്ചുകൾ അനുവദിക്കുകയെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി സഭയില്‍ അവതരിപ്പിച്ച നാലിന മാനദണ്ഡങ്ങള്‍:
- ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും
- 20 ശതമാനം സീറ്റ് വർധിപ്പിച്ച ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം കൂട്ടും
- മാർജിനൽ സീറ്റ് വർധിപ്പിക്കാത്ത ജില്ലകളിൽ 10 ശതമാനം സീറ്റ് കൂട്ടും
- സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്‍റെ അടിസ്ഥാനത്തില്‍ സയന്‍സിന് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.
താലൂക്ക്, സ്ക്കൂള്‍ അടിസ്ഥാനത്തില്‍ ഒഴിവുള്ള പ്ലസ് വണ്‍ സീറ്റിന്‍റെ കണക്കെടുത്തതായും അന്‍പത് താലൂക്കുകളില്‍ സീറ്റ് കുറവ് അനുഭവപ്പെട്ടതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ സീറ്റുകള്‍ കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് സീറ്റ് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കുട്ടികൾക്കും പ്ലസ് വണ്‍ പ്രവേശനം കിട്ടുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മുഴുവൻ എ പ്ലസ് കിട്ടിയതിൽ 5812 പേർക്ക് മാത്രമാണ് ഇനി പ്രവേശനം കിട്ടാനുള്ളതെന്നും അവര്‍ക്ക് പ്രവേശനം ഉറപ്പാക്കുമെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതെ സമയം നടപടി ക്രമങ്ങൾ പ്രവേശനത്തിൽ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
Adjust Story Font
16