കുരങ്ങ് വസൂരി: അഞ്ച് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശം, പുതിയ മാര്‍ഗരേഖ
അന്താരാഷ്ട്ര യാത്രക്കാർക്കായാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്
ഡല്‍ഹി: കുരങ്ങ് വസൂരി സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി. അന്താരാഷ്ട്ര യാത്രക്കാർക്കായാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്. രോഗം ബാധിച്ചവരുമായി യാത്രക്കാർ സമ്പർക്കം ഒഴിവാക്കണം. മൃഗങ്ങളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കണം. വന്യമൃഗങ്ങളുടെ മാംസം ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കരുത്. രോഗബാധയുള്ള പ്രദേശങ്ങളിൽ നിന്ന് വരുന്നവര്‍ വൈദ്യസഹായം തേടണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
അഞ്ച് ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദേശം
അതിനിടെ കേരളത്തില്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നല്‍കി. രോഗത്തെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.
വിദേശത്ത് നിന്നെത്തുന്നവരിൽ രോഗലക്ഷണങ്ങളുള്ളവരുണ്ടെങ്കിൽ സാമ്പിൾ പരിശോധനക്ക് അയക്കും. രോഗലക്ഷണങ്ങളുണ്ടെങ്കിൽ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണം. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ കർശന പരിശോധന വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. രോഗിയുടെ അടുത്ത ബന്ധുക്കളുൾപ്പെടെ അഞ്ച് പേരും വിമാനത്തിൽ ഒപ്പം യാത്രചെയ്ത 13 പേരും നിരീക്ഷണത്തിലുണ്ട്.
കേന്ദ്രസംഘം ഇന്നെത്തും
സംസ്ഥാനത്ത് കുരങ്ങു വസൂരി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും. ആരോഗ്യ വകുപ്പ് അധികൃതരുമായി സംഘം ചർച്ച നടത്തും.
രാജ്യത്ത് ആദ്യമായി കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുകയും ജാഗ്രതാ നിർദേശങ്ങൾ നൽകുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ആരോഗ്യ മന്ത്രാലയ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രന്‍, എന്‍സിഡിസി ജോയിന്റ് ഡയറക്ടർ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ഡോ. അരവിന്ദ് കുമാര്‍, ഡോ. അഖിലേഷ് എന്നിവരടങ്ങുന്ന സംഘമാണ് എത്തുന്നത്.
Adjust Story Font
16