Quantcast

കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണം-വെൽഫെയർ പാർട്ടി

''പോഷകാഹാരമെന്നോണം മദ്യ വിതരണം നടത്തുമെന്ന രീതിയിൽ സി.പി.എമ്മിന്റെ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ ഭരണകക്ഷിയായ പാർട്ടിയുടെ സാമൂഹിക നിരുത്തരവാദിത്തം വെളിപ്പെടുത്തുന്നതാണ്''

MediaOne Logo

Web Desk

  • Published:

    27 July 2023 4:41 PM GMT

New Kerala liquor policy-Welfare Party state general secretary Jabeena Irshad, Welfare Party against New Kerala liquor policy, Welfare Party state general secretary, Jabeena Irshad
X

കോഴിക്കോട്: കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുന്നത് തന്നെ ഘട്ടംഘട്ടമായി മദ്യനിരോധം നടപ്പാക്കുമെന്ന വാഗ്ദാനം നൽകിയാണ്. എന്നാൽ പൂട്ടിയ ഔട്ട്‌ലെറ്റുകൾ തന്നെ തുറക്കാൻ ഇടതു സർക്കാർ ഇപ്പോൾ നടത്തുന്ന നീക്കം തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനവും ജനങ്ങളോടുള്ള വഞ്ചനയുമാണെന്നും ജബീന വിമർശിച്ചു.

കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ ദിനംതോറും പെരുകുന്ന നാടാണിന്ന് കേരളം. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരിൽ ഭൂരിഭാഗവും ലഹരിക്ക് അടിപ്പെട്ടവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യത്തിൽ മദ്യവിമുക്തിക്കും ലഹരിവിരുദ്ധതക്കും നേതൃത്വം നൽകി ജാഗ്രത പാലിക്കേണ്ട ഭരണകൂടം ലഹരി ലഭ്യത വർധിപ്പിക്കുന്നതിലൂടെ യുവത്വത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ തന്നെ ക്രയശേഷിയെ നശിപ്പിക്കുകയാണ്. ലഹരി വർജനമെന്ന പേരിൽ സർക്കാർ നടത്തുന്ന പരിപാടികൾ വെറും പ്രഹസനമാണെന്ന് തെളിയിക്കുന്നതാണ് പുതിയ നടപടിയെന്നും ജബീന ചൂണ്ടിക്കാട്ടി.

''സർക്കാർ ഖജനാവിന്റെ വരുമാന വർധന മാത്രം ലക്ഷ്യംവച്ച് നാട്ടിൽ സുലഭമായി മദ്യമൊഴുക്കാനുള്ള സർക്കാർ നീക്കം തെരുവിൽ ചോദ്യം ചെയ്യപ്പെടണം. തെരഞ്ഞെടുപ്പ് കാലത്ത് മദ്യ മുതലാളിമാർക്ക് നൽകിയ വാഗ്ദാനങ്ങളെക്കാൾ വലുതാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു സമൂഹത്തിന്റെ സുരക്ഷിതത്വമെന്ന് ഉത്തരവാദപ്പെട്ടവർ മനസ്സിലാക്കണം. നൂതനമായ വരുമാന സ്രോതസ്സുകൾ കണ്ടെത്തി വികസിപ്പിച്ച് കൊണ്ടുവരേണ്ടതിന് പകരം ജനങ്ങളെ കുടിപ്പിച്ച് കിടത്തി നാടുഭരിക്കുന്നത് അങ്ങേയറ്റം ജനവിരുദ്ധമാണ്.''

പോഷകാഹാരമെന്നോണം മദ്യ വിതരണം നടത്തുമെന്ന രീതിയിൽ സി.പി.എമ്മിന്റെ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ ഭരണകക്ഷിയായ പാർട്ടിയുടെ സാമൂഹിക നിരുത്തരവാദിത്തം വെളിപ്പെടുത്തുന്നതാണ്. പൂട്ടിയ ബിവറേജസ് ഔട്ട്‌ലെറ്റുകളും പുതിയ ബാറുകളും തുറക്കാനുള്ള നീക്കം ആത്മഹത്യാപരമാണ്. ഇതിൽനിന്ന് പിന്മാറാൻ സർക്കാർ തയ്യാറാകണമെന്നും ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

Summary: The state government should withdraw from the move to drown Kerala in alcohol: Asks Welfare Party state general secretary Jabeena Irshad

TAGS :

Next Story