Quantcast

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സപ്ലിമെന്ററി അലോട്ട്മെന്റിന് മുമ്പ് പുതിയ സ്ഥിരം ബാച്ചുകൾ പ്രഖ്യാപിക്കണം: ഫ്രറ്റേണിറ്റി

‘10,000 വിദ്യാർഥികൾ സീറ്റ് കിട്ടാത്തവരായി പുറത്തുനിൽക്കേണ്ട അവസ്ഥയാണ്’

MediaOne Logo

Web Desk

  • Published:

    7 July 2024 4:01 PM GMT

Plus One seat,malappuram,Fraternity movement
X

മലപ്പുറം: സപ്ലിമെന്ററി അലോട്ട്മെന്റിന് മുമ്പ് ജില്ലയിലെ മുഴുവൻ അപേക്ഷകർക്കും ആവശ്യമായ സ്ഥിരം ബാച്ചുകൾ പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തതയുമായി ബന്ധപ്പെട്ട് മന്ത്രി ഇതുവരെ പറഞ്ഞ മുഴുവൻ കണക്കുകളും തെറ്റാണെന്ന് തെളിയിക്കുന്ന ഡാറ്റയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന അപേക്ഷരുടെ എണ്ണവും ബാക്കിയുള്ള സീറ്റുകളും തമ്മിലുള്ള അന്തരം സൂചിപ്പിക്കുന്ന സർക്കാർ രേഖ.

പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയിഗിച്ച പഠനസമിതി വെള്ളിയാഴ്ച്ച റിപ്പോർട്ട് സമർപ്പിച്ചിട്ടും അടിയന്തിര സ്വഭാവത്തിൽ വിഷയം പരിഗണിക്കാതെ സാങ്കേതികത പറഞ്ഞു പരിഹാരം അനന്തമായി വൈകിപ്പിക്കുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ പ്രസ്താവന. രണ്ട് ദിവസത്തിനകം ആവശ്യമായ പുതിയ സ്ഥിരം ബാച്ചുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ വീണ്ടും തീക്ഷണമായ പ്രത്യക്ഷ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു.

ന്യായമായ കാരണങ്ങളാൽ ആദ്യ മൂന്ന് അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചിട്ടും പ്രവേശനം നേടാതെ സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇഷ്ട്ടപ്പെട്ട കോഴ്‌സും സ്കൂളും ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാനുള്ള അവസരം നിഷേധിച്ചാണ് സപ്ലിമെന്ററി അപേക്ഷ സർക്കാർ ക്ഷണിച്ചത്, എന്നിട്ടും പതിനായിരം വിദ്യാർഥികൾ സീറ്റ് കിട്ടാത്തവരായി പുറത്തുനിൽക്കേണ്ട അവസ്ഥയാണ്.

അതേസമയം, വി.എച്ച്.എസ്.ഇയിൽ നോൺ ജോയിനീസിനും സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിക്കാൻ സർക്കാർ അവസരം നൽകി. മലപ്പുറത്തെ പ്ലസ് വൺ അപേക്ഷരുടെ എണ്ണം കുറവാണെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ വേർതിരിവ്. ഇനിയും പരിഹാരം വൈകുന്നത് വിദ്യാർഥികളോട് കാണിക്കുന്ന ക്രൂരതയാണ്. ഇത് കണ്ടില്ലെന്ന് കരുതി നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ സാബിറ ശിഹാബ്, ബാസിത് താനൂർ, വൈസ് പ്രസിഡന്റുമാരായ വി.ടി.എസ് ഉമർ തങ്ങൾ, ഫയാസ് ഹബീബ്, നിഷ്ല വണ്ടൂർ, പി.കെ. ഷബീർ, സെക്രട്ടറിമാരായ പി. സുജിത്, ഫായിസ് എലാങ്കോട്, വി.കെ. മുഫീദ എന്നിവർ സംസാരിച്ചു.

TAGS :

Next Story