Quantcast

യൂത്ത് ലീഗ് ഭാരവാഹി പ്രഖ്യാപനത്തിന് പിറകേ പുതിയ ധ്രുവീകരണം; ഫിറോസ് ഗ്രൂപ്പ് നെടുകെ പിളര്‍ന്നു

ടി പി അഷ്റഫലിയും പി ജി മുഹമ്മദും ഫിറോസ് വിരുദ്ധ പക്ഷത്ത്

MediaOne Logo

എം.കെ ഷുക്കൂര്‍

  • Updated:

    2021-10-25 13:35:34.0

Published:

25 Oct 2021 12:26 PM GMT

യൂത്ത് ലീഗ് ഭാരവാഹി പ്രഖ്യാപനത്തിന് പിറകേ പുതിയ ധ്രുവീകരണം; ഫിറോസ് ഗ്രൂപ്പ് നെടുകെ പിളര്‍ന്നു
X

ഹരിത നേതാക്കള്‍ക്കെതിരായ പാര്‍ട്ടി നടപടിക്കും ടി പി അഷ്റഫലിയെ വെട്ടിനിരത്തിയ യൂത്ത് ലീഗ് സംഘടനാ തെരഞ്ഞെടുപ്പിനും പിറകേ മുസ്ലിം ലീഗില്‍ പുതിയ ധ്രുവീകരണം. യൂത്ത് ലീഗ് ഭാരവാഹി പ്രഖ്യാപനത്തിന് ശേഷം പി.കെ ഫിറോസ് ഗ്രൂപ്പ് നെടുകെ പിളര്‍ന്ന പ്രതീതിയാണ്. എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ ദീര്‍ഘകാലം ഒപ്പം നിര്‍ത്തിയ പി.കെ ഫിറോസ്- അഷ്റഫലി കൂട്ടുകെട്ടും തകര്‍ന്നു.

ടി.പി അഷ്റഫലി ട്രഷററും പി.ജി മുഹമ്മദ് സഹ ഭാരവാഹിയും എന്ന ധാരണ ഫിറോസ് ഗ്രൂപ്പിലുണ്ടായിരുന്നു. എന്നാല്‍ ഭാരവാഹികളെ നിശ്ചയിക്കാനായി സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ ഫിറോസ് ഈ ആവശ്യം ഉന്നയിച്ചില്ല. ഇത് ഗ്രൂപ്പ് ധാണയുടെ ലംഘനവും വഞ്ചനയുമാണെന്ന നിലപാട് സ്വീകരിച്ചാണ് അഷ്റഫലിയും പി ജി മുഹമ്മദും അടക്കമുള്ളവര്‍ പി.കെ ഫിറോസുമായി പിരിഞ്ഞത്.യൂത്ത് ലീഗ് ഭാരവാഹിപ്പട്ടികയില്‍ വിമര്‍ശകരെ വെട്ടിനിരത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന വിമര്‍ശനം മുനവ്വറലി തങ്ങളും പി കെ ഫിറോസും ഒരു പോലെ നേരിടുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന യൂത്ത് ലീഗ് ഭാരവാഹി യോഗത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശന മുന്നയിച്ച ആഷിഖ് ചെലവൂര്‍, അന്‍വര്‍ സാദത്ത് എന്നിവരെ വെട്ടിനിരത്തി. കെ.എം ഷാജി പക്ഷക്കാരായ ഇവരുടെ പ്രധാന വിമര്‍ശനം യൂത്ത് ലീഗ് നേതൃത്വം തിരുത്തല്‍ ശക്തിയാകാതെ പ്രമുഖ നേതാവിന്റെ മൂടുതാങ്ങികളായി എന്നതായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയതും അതിനോട് പി കെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ മൗനം പാലിച്ചതും ഇവര്‍ വിമര്‍ശിച്ചിരുന്നു. ഇരുവരെയും വെട്ടാനായി സ്വന്തം പക്ഷത്തുള്ള പി ജി മുഹമ്മദിനെ ബലി നല്‍കി എന്ന വികാരമാണ് ഫിറോസ് ഗ്രൂപ്പില്‍ തന്നെയുള്ളത്. ഫിറോസ് പക്ഷത്ത് നിന്ന് സ്ഥാനം പ്രതീക്ഷിച്ച വി കെ എം ഷാഫിക്കും നിരാശനാകേണ്ടി വന്നു.

നജ്‍മ തബ്‍ശീറ, മുഫീദ തസ്‍നി

മുനവ്വറലി തങ്ങളുടെ അടുത്ത സഹചാരി ടി.പി ജിഷാന്‍, വലിയ നേതൃ പരിചയം ഇല്ലാതിരുന്നിട്ടും ഭാരവാഹിയായി മാറിയതില്‍ സംഘടനയില്‍ അമര്‍ഷമുണ്ട്. മുനവ്വറലി തങ്ങളുടെ തന്നെ പരിഗണനയിലാണ് ഫൈസല്‍ ബാഫഖി തങ്ങള് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് രണ്ടാം ടേം നേടിയത്. മലപ്പുറം നഗരസഭാ ചെയര്‍മാൻ മുജീബ് കാടേരിയെ ഇരട്ടപ്പദവി അവഗണിച്ചാണ് ഭാരവാഹിയാക്കിയത്.

മുനവ്വറലിയുടെയും ഫിറോസിന്റെയും താത്പര്യങ്ങള്‍ നടത്തിയെടുക്കാനായി പലതരം സമവായങ്ങള്‍ക്ക് വഴങ്ങിയെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. ടി പി അഷ്റഫലിയും പി ജി മുഹമ്മദും വി.കെ.എം ഷാഫിയും ഗ്രൂപ്പ് ധാരണകള്‍ക്ക് വിരുദ്ധമായി വെട്ടിനിരത്തപ്പെട്ടത് പി കെ ഫിറോസിന്റെ അറിവോടെയാണെന്ന വികാരം ഫിറോസ് ഗ്രൂപ്പില്‍ ശക്തമാണ്. പി കെ ഫിറോസിനൊപ്പം നിലയുറപ്പിച്ചിരുന്ന മുന്‍ എം.എസ്.എഫ് പ്രസിഡണ്ട് മിസ്ഹബ് കീഴിരിയൂര്‍ അടക്കമുള്ളവര്‍ ഗ്രൂപ്പ് വിട്ട നിലയിലാണ്. ടി പി അഷ്റഫലിയുടെ കാര്യത്തില്‍ സാദിഖലി തങ്ങളുടെ നിലപാട് നിര്‍ണായകമായെങ്കിലും പി.കെ ഫിറോസിന്റെ മൗനം അതിന് ബലം നൽകിയെന്നാണ് വിമർശകരുടെ പക്ഷം. കൂടെ നിന്നവരെ ഒറ്റുകൊടുത്തതിന് തുല്യമാണിതെന്ന് അവർ കരുതുന്നു. ഈ വികാരം പങ്കിടുന്ന ഫിറോസ് ഗ്രൂപ്പിലെ വലിയൊരു വിഭാഗം അനൗദ്യോഗികമായ കൂടിയാലോചനകളും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.സമവായത്തിന് ഫിറോസ് ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും കടുത്ത നിലപാടില്‍ ഇവര്‍ മുന്നോട്ടു പോകുകയാണ്.

ഭിന്നതയുടെ തുടക്കം 2020 ലെ എം.എസ്.എഫ് തെരഞ്ഞെടുപ്പില്‍

പി.കെ ഫിറോസും ടി.പി അഷ്റഫലിയുമാണ് ദീര്‍ഘകാലം എം.എസ്.Z ഫിന് നേതൃത്വം നല്‍കിയത്. 2007 മുതല്‍ ടി പി അഷ്റഫലി എംഎസ്എഫിന്റെ പ്രധാന ചുമതലകള്‍ വഹിക്കുന്നുണ്ട്. 2009 മുതല്‍ 12 വരെ പി കെ ഫിറോസ് എം.എസ്.എഫ് പ്രസിഡണ്ടായി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ലീഗിലെ വിദ്യാര്‍ഥി സമൂഹത്തിന്റെ നേതൃത്വം ഇരുവരുടെയും കയ്യിലായിരുന്നു. ശാഖാ തലം മുതല്‍ കൃത്യമായ ഫിറോസ് ഗ്രൂപ്പ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ക്രമീകരിക്കപ്പെട്ടത് ഏറെ വൈകിയാണ് മുതിര്‍ന്ന നേതാക്കള്‍ പോലും മനസ്സിലാക്കിയത്.

സാദിഖലി തങ്ങള്‍

2020 ല്‍ 14 ല്‍ 12 ജില്ലാ കമ്മിറ്റികളുടെ പിന്തുണയോടെ നിഷാദ് കെ സലീമിന്റെ നേതൃത്വത്തില്‍ എം.എസ്.എഫ് കമ്മിറ്റിയുണ്ടാക്കാന്‍ ഫിറോസ് ഗ്രൂപ്പ് തീരുമാനിച്ചതാണ്. സാദിഖലി തങ്ങളുടെ കൂടി പിന്തുണയോടെ ഫിറോസ് ഗ്രൂപ്പിനെതിരായ ഒരു നീക്കം ഈ ഘട്ടത്തില്‍ കെ എം ഷാജിയുടെ നേതൃത്വത്തില്‍ നടന്നു. എംഎസ്എഫിലെ ഭൂരിപക്ഷ ഹിതത്തിന് വിരുദ്ധമായി അപ്രതീക്ഷിതമെന്നോണം പി കെ നവാസ് സംസ്ഥാന അധ്യക്ഷനായി എം.എസ്.എഫ് കമ്മിറ്റി നിലവില്‍ വന്നു. പാര്‍ട്ടി നേതാക്കളെ ലീഗ് ഹൗസില്‍ പൂട്ടിയിട്ടത് അടക്കമുള്ള പ്രതിഷേധം ഫിറോസ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നുണ്ടായി. സാദിഖലി തങ്ങള്‍ നിലപാടില്‍ ഉറച്ചു നിന്നു. പ്രസിഡണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നിഷാദ് കെ സലീം പൂര്‍ണമായി ഒതുക്കപ്പെട്ടു. സാദിഖലി തങ്ങള്‍ ജനാധിപത്യ വിരുദ്ധമായി ഇടപെട്ടെന്ന നിലപാട് നിഷാദ് കെ സലീമും ഒപ്പമുള്ളവരും സംഘടനക്കകത്ത് നിരന്തരം ഉന്നയിച്ചെങ്കിലും പി കെ ഫിറോസ് തന്ത്രപരമായ മൗനം പാലിച്ച് മാറി നിന്നു. യൂത്ത് ലീഗിന്റെ മലപ്പുറം ജില്ലാ കമ്മിറ്റിയിലെങ്കിലും ഉള്‍പ്പെടുത്താന്‍ ഇടപെടണമെന്ന നിഷാദ് കെ സലീമിന്റെ അപേക്ഷയും പി കെ ഫിറോസ് ചെവികൊണ്ടില്ല. ഫിറോസിന് വേണ്ടി നിലകൊണ്ടിട്ടും നിര്‍ണായക ഘട്ടത്തില്‍ വെട്ടിനിരത്തപ്പെട്ട നിഷാദ് കെ സലീം പതിയെ നിശബ്ദനായി. അന്ന് എംഎസ്എഫില്‍ വെട്ടിനിരത്തപ്പെട്ടവരെല്ലാം ഇപ്പോള്‍ ഫിറോസ് വിരുദ്ധരുടെ പക്ഷത്തേക്ക് മാറുകയാണ്.

ഫാത്തിമ തഹ്‌ലിയ

ഹരിത വിവാദത്തിലെ 'ചതി'

ലിംഗനീതി പ്രശ്നം ഉന്നയിച്ച് ലീഗ് നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ ഹരിത നേതാക്കളുടെ 'രക്ഷാകര്‍തൃത്വം' ആദ്യം പി.കെ ഫിറോസിനും ടി.പി അഷ്റഫലിക്കുമായിരുന്നു.

എം.എസ്.എഫ് പ്രസിഡണ്ട് പി കെ നവാസിനെതിരെ നേരത്തേ തുടരുന്ന പോരാട്ടം ഹരിത വിവാദത്തിന്റെ ബലത്തില്‍ ഒന്നുകൂടി കത്തിപ്പിടിച്ചു. ഹരിത പ്രസിഡണ്ട് മുഫീദ തസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും അടക്കം പത്ത് ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെ ലീഗ് നേതൃത്വം പ്രതിസന്ധിയിലായി. പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് ഫിറോസിനെ മധ്യസ്ഥനാക്കി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തി. ഫിറോസ് ശ്രമിച്ചെങ്കിലും ഹരിത ഭാരവാഹികള്‍ വഴങ്ങിയില്ല. യൂത്ത് ലീഗ് നേതൃത്വത്തില്‍ രണ്ടാം ടേം ലഭിക്കാന്‍ തങ്ങളുടെ പോരാട്ടത്തെ ഫിറോസ് ഒറ്റുകൊടുക്കുന്നുവെന്ന തോന്നലാണ് ഹരിതാനേതാക്കള്‍ക്കുണ്ടായത്. നജ്മയും മുഫീദയും നേതൃത്വം നല്‍കുന്ന ഹരിത കമ്മിറ്റിയ മരവിപ്പിച്ചപ്പോഴും പി കെ ഫിറോസ് കാഴ്ചക്കാരനായി. പത്തംഗ സമിതിയും ലീഗ് ഉന്നതാധികാര സമിതിയും സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ അച്ചടക്ക രാഹിത്യം കാണിച്ച ഹരിത നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.

പി.ജി മുഹമ്മദ്, നിഷാദ് കെ സലീം

പരസ്യ പ്രതികരണത്തിന്റെ പേരില്‍ പിന്നീട് ഫാത്തിമ തഹ്‍ലിയയെ എംഎസ്എഫിന്റെ ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കിയപ്പോഴും പാര്‍ട്ടി നേതൃത്വത്തിന് ഒപ്പമായിരുന്നു ഫിറോസ്. ഹരിത നേതാക്കള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പാപഭാരമെല്ലാം പാര്‍ട്ടി നേതൃത്വം ടി പി അഷ്റഫലിയുടെ തലയില്‍ ചാര്‍ത്തി. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിന്റെ കാര്യത്തില്‍ ഡീല്‍ ഉറപ്പിച്ച ഫിറോസ് തങ്ങളെ ചതിച്ചുവെന്നാണ് ഹരിതയിലും യൂത്ത് ലീഗിലുമുള്ള വലിയൊരു വിഭാഗം കരുതുന്നത്.

ആവിയായിപ്പോയ വനിതാ പ്രാതിനിധ്യം

ഹരിത വിവാദത്തിന് പുറമേ യൂത്ത് ലീഗിലും എംഎസ്എഫിലും 20 ശതമാനം വനിതാ പ്രാതിനിധ്യത്തിന് പാര്‍ട്ടി തീരുമാനമുണ്ടായി. യൂത്ത് ലീഗ് ഭാരവാഹികളില്‍ വനിതകളുണ്ടാകുമെന്നും ഫാത്തിമ തഹ്ലിയ, നജ്മ തബീഷീറ, മുഫീദ തസ്നി എന്നിവരെയാണ് പരിഗണിക്കുന്നതെന്നും പ്രചാരണമുണ്ടായി. പിഎംഎ സലാം,സി മമ്മൂട്ടി പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, മുനവ്വറലി തങ്ങള്‍, പി കെ ഫിറോസ് എന്നിവര്‍ പങ്കെടുത്ത ഭാരവാഹികളെ തീരുമാനിക്കാനുള്ള യോഗത്തില്‍ വനിതാ പ്രാതിനിധ്യമെന്ന ആവശ്യം പോലും ഉയര്‍ന്നില്ല. പി കെ ഫിറോസ് തങ്ങള്‍ക്ക് അനുകൂലമായി നിലപാടെടുത്തില്ല എന്ന വികാരം നടപടി നേരിട്ട ഹരിതാ നേതാക്കള്‍ പങ്കുവെക്കുന്നു.

Next Story