Quantcast

പുതിയ റെയില്‍വേ ടൈം ടേബിള്‍ ഇന്നുമുതല്‍; മലബാർ, വഞ്ചിനാട്, വേണാട്, പാലരുവി, ഏറനാട് സമയത്തില്‍ മാറ്റം

ഒന്നര വര്‍ഷത്തിന് ശേഷമാണ് റെയില്‍വേ പുതിയ ടൈംടേബിള്‍ പുറത്തിറക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 Jan 2025 5:41 AM GMT

പുതിയ റെയില്‍വേ ടൈം ടേബിള്‍ ഇന്നുമുതല്‍; മലബാർ, വഞ്ചിനാട്, വേണാട്, പാലരുവി, ഏറനാട് സമയത്തില്‍ മാറ്റം
X

തിരുവനന്തപുരം: രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളുടെ പുതിയ സമയക്രമം രേഖപ്പെടത്തിയുള്ള ടൈംടേബിള്‍ ഇന്ന് നിലവില്‍ വരും. സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ട്. മലബാര്‍, വഞ്ചിനാട്, വേണാട്, പാലരുവി, ഏറനാട് തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. കൂടാതെ നിരവധി ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കും.

മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. എറണാകുളത്ത് പുലര്‍ച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് രാവിലെ 5.25നു പകരം 5.20നു പുറപ്പെടും. 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ നേരത്തേയെത്തും.

ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും. എന്നാൽ രാവിലെ 9.45നു പകരം 10.20നായിരിക്കും ട്രെയിന്‍ ചെന്നൈയില്‍ നിന്നും പുറപ്പെടുക. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് 4.50നു പകരം 4.35നാകും കൊല്ലത്തു നിന്നും പുറപ്പെടുക. തിരുനെല്‍വേലി മുതല്‍ എറണാകുളം നോര്‍ത്ത് വരെയുള്ള സ്റ്റേഷനുകളില്‍ ട്രെയിന്‍ നേരത്തേയെത്തും. കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.40നു പകരം 1.25ന് പുറപ്പെടും.

എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.05ന് പകരം അഞ്ചു മിനിറ്റ് വൈകി 5.10നാകും പുറപ്പെടുക. തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. രാവിലെ 6.50ന്റെ കൊല്ലം–തിരുവനന്തപുരം പാസഞ്ചർ 6.58ന് ആയിരിക്കും പുറപ്പെടുക. എറണാകുളം-കൊല്ലം മെമു രാവിലെ 10ന് പകരം 9.50ന് കൊല്ലത്തു നിന്ന് പുറപ്പെടും. കൊല്ലം-ചെന്നൈ അനന്തപുരി, എറണാകുളം-ബിലാസ്പൂര്‍ ട്രെയിനുകളുടെ വേഗം യഥാക്രമം 15 മിനിറ്റ്, 10 മിനിറ്റ് എന്നിങ്ങനെ കൂട്ടും.

ഒന്നര വര്‍ഷത്തിന് ശേഷമാണ് റെയില്‍വേ പുതിയ ടൈംടേബിള്‍ പുറത്തിറക്കുന്നത്. ട്രെയിനുകളുടെ വിശദമായ സമയക്രമം അറിയാന്‍ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം മൊബൈല്‍ ആപ് അല്ലെങ്കില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.enquiry.indianrail.gov.in/mntes/

TAGS :

Next Story