Quantcast

'കാരണഭൂതന് ശേഷം ചെമ്പടക്ക് കാവലാള്‍'; വീണ്ടും പിണറായി വാഴ്ത്തുപാട്ട്

'കാവലാള്‍' എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ടെഴുതിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    15 Jan 2025 7:30 AM

Published:

15 Jan 2025 4:27 AM

pinarayi vijayan
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംഘഗാനം. ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനൻ എന്നയാളാണ് പാട്ടെഴുതിയത്. പാട്ടിൽ ഫിനിക്സ് പക്ഷിയായാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയെ പുകഴ്ത്തി മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു. സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം തയ്യാറാക്കിയത്.നാളെ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ ചേര്‍ന്ന് ഗാനം ആലപിക്കും.

ഫിനിക്സ് പക്ഷിയായും പടനായകനായുമൊക്കെ പിണറായി വിജയനെ വിശേഷിപ്പിക്കുന്ന ഗാനം എഴുതിയത് ധനവകുപ്പ് ഉദ്യോഗസ്ഥാനായ ചിത്ര സേനനാണ് . നിയമ വകുപ്പ് അസിസ്റ്റന്‍റ് വിമലാണ് ഈണം നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു. അസോസിയേഷനില്‍ മുഖ്യമന്ത്രിയുടെ പിന്തുണയുള്ള പ്രസിഡന്‍റ് ഹണിയുടെ നേതൃത്വത്തിലാണ് സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടനം നടത്തുന്നത്. 'കാവലാള്‍' എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ടെഴുതിയിരിക്കുന്നത്. 'ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍' എന്ന വരിയോടെയാണ് പാട്ട് തുടങ്ങുന്നത്.

പാടവും പറമ്പും കേരമൊക്കെയും പടക്കളം

ജന്മിവാഴ്ചയെ തകർത്തു തൊഴിലിടങ്ങളാക്കിയോൻ

പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ

തഴുകിയ കരങ്ങളിൽ ഭരണചക്രമായിതാ...

കൊറോണ നിപ്പയൊക്കവേ തകർത്തെറിഞ്ഞ നാടിതേ

കാലവർഷക്കെടുതിയും ഉരുൾപൊട്ടലൊക്കവേ

ദുരിതപൂർണ ജീവിതം ഇരുളിലായ കാലവും

കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാൾ

ജീവനുള്ള നാൾ വരെ സുരക്ഷിതത്വമേകിടാൻ

പദ്ധതികളൊക്കെയും ജനതതിക്കു നൽകിയോൻ’

എന്നിങ്ങനെ പോകുന്നു വരികൾ.

നേരത്തെ സിപിഎമ്മിന്‍റെ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ മെഗാതിരുവാതിരയിലെ പിണറായി സ്തുതിയും ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയെയും സ്തുതിച്ചുകൊണ്ടുള്ള വരികൾക്കൊപ്പമായിരുന്നു തിരുവാതിര. ‘‘പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകമെമ്പാടും കേളി കൊട്ടി,മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി. ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ. ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ്’’ എന്നായിരുന്നു തിരുവാതിരയിലെ വരികള്‍. കുത്തേറ്റുമരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വിലാപയാത്രയും സംസ്കാരവും നടക്കുന്ന ദിവസം തന്നെ തിരുവാതിര നടത്തിയത് പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.



TAGS :

Next Story