പുതുവത്സര ആഘോഷം: കൊച്ചിയിൽ സുരക്ഷ വർധിപ്പിച്ച് പൊലീസ്
ഫോർട്ട് കൊച്ചിയിലേക്കുള്ള വാട്ടർ മെട്രോ സർവീസ് ഏഴ് മണിക്ക് അവസാനിപ്പിക്കും
കൊച്ചി: പുതുവത്സരാഘോഷം പ്രമാണിച്ച് കൊച്ചിയിൽ കർശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. കൊച്ചിയിൽ വിപുലമായ പൊലീസ് സന്നാഹം ഏർപ്പെടുത്തുമെന്നും 1000 പൊലീസുകാർ ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നും കമ്മീഷണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫോർട്ട് കൊച്ചിയിലേക്കുള്ള വാട്ടർ മെട്രോ സർവീസ് ഏഴ് മണിക്ക് അവസാനിപ്പിക്കും. മതിയായ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടിൽ പൊലീസ് കൺട്രോൾ റൂം ഉണ്ടായിരിക്കുമെന്നും കോസ്റ്റൽ പൊലീസ് നിരീക്ഷണത്തിനുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു. വെളി ഗ്രൗണ്ടിൽ 80000 ആളുകളെയായിരിക്കും പരമാവധി പ്രവേശിപ്പിക്കുക എന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
'പുതുവർഷത്തലേന്ന് കൊച്ചിയിലെത്തുന്നവർക്ക് പാർക്കിംഗിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 18 ഗ്രൗണ്ടുകളിലാണ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി മെട്രോ സർവ്വീസ് പുലർച്ചെ രണ്ടു മണി വരെ ഉണ്ടാകും. വാട്ടർ മെട്രോ ഫോർട്ട് കൊച്ചിയിലേക്കും ഹൈക്കോടതി ജെട്ടിയിലേക്കും അധിക സർവ്വീസ് നടത്തും. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സ്ക്വാഡ് രൂപീകരിക്കും'- കമ്മീഷണർ പറഞ്ഞു.
Adjust Story Font
16