Quantcast

ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ, കൊച്ചിയിലെ പുതുവത്സരാഘോഷത്തിൽ ഗുരുതര സുരക്ഷാ വീഴ്ച; ഒഴിവായത് വൻ ദുരന്തം

20,000 പേരെ ഉൾക്കൊള്ളാവുന്ന പരേഡ് മൈതാനത്താണ് ഒരു ലക്ഷത്തിലധികം പേർ എത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-01-02 03:22:51.0

Published:

2 Jan 2023 2:56 AM GMT

ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ, കൊച്ചിയിലെ പുതുവത്സരാഘോഷത്തിൽ ഗുരുതര സുരക്ഷാ വീഴ്ച; ഒഴിവായത് വൻ ദുരന്തം
X

കൊച്ചി: പുതുവത്സരാഘോഷത്തിനായി ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ. വൻ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്. ഇരുപതിനായിരം പേരെ ഉൾക്കൊള്ളാവുന്ന പരേഡ് മൈതാനത്തേക്കാണ് ലക്ഷത്തിലധികം പേർ എത്തിയത്.

രണ്ടു വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം വലിയ രീതിയിലുള്ള ജനപ്രവാഹം തന്നെയായിരുന്നു ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെത്തിയത്. പാപ്പാഞ്ഞി കത്തിക്കുന്ന ചടങ്ങും അതിനോടനുബന്ധിച്ചുള്ള പരിപാടികൾക്കുമായി എറണാകുളം ജില്ലയുടെ പുറത്തു നിന്നുള്ളവരും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത്. പരേഡ് മൈതാനത്ത് നില്‍ക്കാന്‍ സ്ഥലമില്ലാതായതോടെ ആളുകള്‍ സമീപത്തെ വീടുകളിലേക്ക് കൂടി ഇരച്ചുകയറുകയും ചെയ്തിരുന്നു.

തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസിനും സംഘാടകർക്കും വീഴ്ചയെന്ന് ആരോപണമുണ്ട്. ഇവിടേക്ക് എത്തിയവർക്ക് വേണ്ട മതിയായ സുരക്ഷാ - ആരോഗ്യ സംവിധാനങ്ങൾ ഒരുക്കുന്നതിലും വീഴ്ച പറ്റിയെന്നും ആരോപണമുണ്ട്. തിരക്കിൽപ്പെട്ട് 200 -ൽ അധികം പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പൊലീസുകാർക്കുൾപ്പടെ നിരവധിയാളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. മറ്റ് ജീവനക്കാര്‍ ഇല്ലാത്തതും തിരിച്ചടിയായി.

ആഘോഷങ്ങൾക്ക് ശേഷം മടങ്ങാൻ ബസ് സൗകര്യവും ഒരുക്കിയിരുന്നില്ല. മുപ്പതിലധികം കെ.എസ്.ആര്‍.ടി.സി സർവീസുകൾ സർവീസുകൾ ഒരുക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ ഒരു കെ.എസ്.ആര്‍.ടി.സി സർവീസ് പോലും ഉണ്ടായില്ല എന്നാണ് ആരോപണം. റോ- റോ ജങ്കാറിൽ കയറിയത് ഉൾക്കൊള്ളാവുന്നതിലും അധികം പേർ കയറുകയും ചെയ്തു. രണ്ട് റോറോ സർവീസുകൾ നടത്തണമെന്ന് നിർദേശമുണ്ടായിരുന്നുവെങ്കിലും ഒന്ന് മാത്രമാണ് പ്രവർത്തിച്ചത്. വീട്ടിലേക്ക് മടങ്ങാനാകാതെ നേരെ വെളുക്കുന്നത് വരെ റോഡിൽ ജനക്കൂട്ടമുണ്ടായിരുന്നു.


TAGS :

Next Story