ദുരഭിമാനത്തെ തുടർന്ന് നവജാത ശിശുവിനെ കൊലപ്പെടുത്തി; ദമ്പതികളെന്ന വ്യാജേന താമസിച്ചിരുന്ന അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ
കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഇടുക്കി: കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന സാധുറാം(23), മാലതി(21) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴാംതീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സാധുറാമും മാലതിയും വിവാഹം കഴിച്ചിരുന്നില്ല. മാലതി ഗർഭിണിയായതും പ്രസവിച്ചതുമൊന്നും ആരോഗ്യപ്രവർത്തകരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. ദുരഭിമാനത്തെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
വീട്ടില്‍ പ്രസവിച്ചതിന് ശേഷം യുവതി ആശുപത്രിയിലെത്തി.എന്നാൽ പ്രസവിച്ച കാര്യം ഡോക്ടർമാരോട് പറഞ്ഞിരുന്നില്ല. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം മനസിലാകുന്നത്. തുടർന്ന് ഡോക്ടർമാർ തന്നെയാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റമോർട്ടം നടത്തിയപ്പോഴാണ് കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് മനസിലാകുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്. മാലതി ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. വിവാഹത്തിന് മുമ്പ് കുട്ടിയുണ്ടായതിന്റെ ദുരഭിമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
Adjust Story Font
16