നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹത്തിൽ മുറിവോ പരിക്കുകളോ ഇല്ല; സ്വാഭാവിക മരണമെന്ന് സൂചന
ആന്തരിക അവയവങ്ങൾ വിശദ പരിശോധനയ്ക്ക് അയച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. അന്തിമ റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു. ആന്തരിക അവയവങ്ങൾ വിശദ പരിശോധനയ്ക്ക് അയച്ചു.
മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്ന് പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിലും പറയുന്നു. അന്തിമ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.
ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വരാൻ ഒരാഴ്‌ചയോളം സമയമെടുക്കും. പോസ്റ്റുമോർട്ടം പൂര്‍ത്തിയാക്കിയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നാണ് സൂചന. . ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വിഎച്ച്പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. ഗോപൻ സ്വാമിയുടെ സമാധി മനഃപൂർവം ചില വിഭാഗങ്ങൾ ചേർന്ന് ഇല്ലാതാക്കുകയാണ് ചെയ്‌തതെന്ന് വിഎച്ച്പി നേതാക്കൾ പ്രതികരിച്ചു.
മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, മൃതദേഹം നേരത്തെ സമാധി ഇരുത്തിയെന്ന് പറയുന്ന കല്ലറയില്‍തന്നെ വീണ്ടും സംസ്‌കരിക്കുമോ എന്നതില്‍ വ്യക്തതയില്ല.
നെയ്യാറ്റിന്‍കരയില്‍ സമാധിയിരുത്തിയെന്ന് മക്കള്‍ അവകാശപ്പെട്ട ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചത്.
വന്‍ പൊലീസ് സുരക്ഷയിലാണ് കല്ലറ തുറന്നത്. സബ് കലക്‌ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. കല്ലറയില്‍ ഇരിക്കുന്ന നിലയിലായിരുന്നു ഗോപന്‍ സ്വാമിയുടെ മൃതദേഹം. കഴുത്തുവരെ ഭസ്‌മം കൊണ്ട് മൂടിയിരുന്നു.
Adjust Story Font
16