പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സാക്ഷിവിസ്താരം നീട്ടില്ല; അലന്‍റെ ആവശ്യം കോടതി തള്ളി
ആവശ്യം അംഗീകരിക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് എന്‍.ഐ.എ കോടതി
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ സാക്ഷിവിസ്താരം നീട്ടിവയ്‍ക്കണമെന്ന അലൻ ഷുഹൈബിന്റെ ആവശ്യം എന്‍.ഐ.എ കോടതി തള്ളി. വിചാരണ നീട്ടുന്നതിന് മതിയായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അടുത്ത വർഷം മാർച്ച് വരെ സാക്ഷിവിസ്താരം നീട്ടിവയ്‍ക്കണമെന്നായിരുന്നു അലൻ ഷുഹൈബിന്റെ ആവശ്യം.
പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എല്‍.എല്‍.ബി വിദ്യാർഥിയായ അലൻ അക്കാദമിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് സാക്ഷിവിസ്താരം നീട്ടിവയ്‍ക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്. പത്താം സെമസ്റ്റർ പൂർത്തിയാകുന്നത് വരെ കോടതി നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അലൻ അറിയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, 2021 മുതൽ കേസിലെ മൂന്നും നാലും പ്രതികളായ സി.പി ഉസ്മാനും വിജിത്ത് വിജയനും ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും എന്‍.ഐ.എ കോടതിയിൽ നിലപാടെടത്തു. വിചാരണ വൈകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഇത് ചൂണ്ടിക്കാട്ടി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികൾ ജാമ്യത്തിന് ശ്രമിക്കുമെന്നുമാണ് എന്‍.ഐ.എയുടെ വാദം.
അത് അംഗീകരിച്ചാണ് സാക്ഷിവിസ്താരം നീട്ടണമെന്ന അലന്റെ ആവശ്യം കോടതി തള്ളിയത്. കേസിൽ നിലവിൽ നാല് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. സാക്ഷിവിസ്താരം നടക്കുന്ന വേളയിൽ അലൻ ഷുഹൈബിന് കോടതിയിൽ ഹാജരാകാൻ കഴിയില്ലെങ്കിൽ നിയമാനുസൃതമായി അപേക്ഷ നൽകണമെന്നും ഉത്തരവിലുണ്ട്. അലന്റെ ആവശ്യം കോടതി തള്ളിയതോടെ വിചാരണാനടപടികൾ തീരുമാനിച്ച സമയങ്ങളിൽ നടക്കും.
Summary: NIA Court rejects Alan Shuhaib's plea to extend testimony in Pantheerankavu UAPA case
Adjust Story Font
16