അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; കേസ് എൻ.ഐ.എ ഏറ്റെടുക്കാൻ സാധ്യതയേറി
അതിനിടെ കേസിലെ മുഖ്യ പ്രതി മധുവിന്‍റെ ബാങ്ക് അക്കൗണ്ടുകൾ വഴി 12 കോടിയുടെ ഇടപാടുകൾ നടന്നുവെന്ന് പൊലീസ് കണ്ടെത്തി
കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസ് എൻ.ഐ.എ ഏറ്റെടുക്കാൻ സാധ്യതയേറി. പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും എൻ.ഐ.എ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. അതിനിടെ കേസിലെ മുഖ്യ പ്രതി മധുവിന്‍റെ ബാങ്ക് അക്കൗണ്ടുകൾ വഴി 12 കോടിയുടെ ഇടപാടുകൾ നടന്നുവെന്ന് പൊലീസ് കണ്ടെത്തി.
കേസിലെ മുഖ്യകണ്ണി സാബിത്ത് നാസർ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് പിടിയിലായതിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും വിവര ശേഖരണത്തിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും എൻ. ഐ.എ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. പുതിയതായി ശേഖരിച്ച വിവരങ്ങൾ പരിശോധിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയാൽ കേസ് എൻ. ഐ.എ ഏറ്റെടുക്കും. അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്ന കാര്യത്തിലാണ് പ്രധാനമായും എൻ. ഐ.എയുടെ പരിശോധന.
അവയവക്കച്ചവട റാക്കറ്റിന്‍റെ രാജ്യാന്തര ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ കേരള പൊലീസിന് പരിമിതികളുണ്ട്. അതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് നിലപാടിലാണ് പൊലീസ്. അതിനിടെ മുഖ്യ പ്രതി പാലാരിവട്ടം സ്വദേശി മധുവിന്‍റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 12 കോടിയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. മധുവിന് കൂടുതൽ അക്കൗണ്ടുകൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇറാനിലുള്ള മധുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പൊലീസ് ഇയാളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകള്‍ ശേഖരിച്ച് പരിശോധിച്ചത്. ഹൈദരാബാദ്, തമിഴ്നാട് അടക്കമുള്ള ഇടങ്ങളിലെ അവയവദാതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ശേഷം റിമാന്‍റില്‍ കഴിയുന്ന വിജയവാഡ സ്വദേശി ബല്ലം ഗൊണ്ട രാമപ്രസാദിനെ വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് സംഘം തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16