Quantcast

ദേശീയ ചെയര്‍മാന്‍ ഉള്‍പ്പെടെ 14 പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി എന്‍.ഐ.എ

22ല്‍ 13 പേരെ കൊച്ചിയിലെ എന്‍.എ.ഐ ഓഫീസിലാണ് എത്തിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    22 Sep 2022 8:20 AM GMT

ദേശീയ ചെയര്‍മാന്‍ ഉള്‍പ്പെടെ 14 പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി എന്‍.ഐ.എ
X

കൊച്ചി: രാജ്യവ്യാപക റെയ്ഡിനു പിന്നാലെ കേരളത്തിലെ വിവിധയിടങ്ങളില്‍ ഇ.ഡിയും കസ്റ്റഡിയിലെടുത്ത 14 നേതാക്കളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി എന്‍.ഐ.എ. ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം അടക്കമുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കസ്റ്റഡിയിലെടുത്ത 22 പേരില്‍ എട്ട് പേരുടെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തിയിരുന്നു. 22ല്‍ 13 പേരെ കൊച്ചിയിലെ എന്‍.എ.ഐ ഓഫീസിലാണ് എത്തിച്ചിരിക്കുന്നത്. ഇവരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. മറ്റുള്ളവരെ ഇതിനോടകം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി എന്നാണ് വിവരം. അറസ്റ്റ് ചെയ്തവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. വൈദ്യപരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ സംഘത്തെയും കൊച്ചി എന്‍.ഐ.എ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.

ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, ദേശീയ വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുറഹ്മാന്‍, ദേശീയ സെക്രട്ടറി, ദേശീയ സമിതിയംഗം പ്രഫ. പി കോയ, സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ ഉസ്മാന്‍ വിവിധ ജില്ലകളിലെ ജില്ലാ ഭാരവാഹികള്‍ എന്നിവരടക്കമുള്ള 22 നേതാക്കളെയാണ് കേരളത്തില്‍ നിന്നും അറസ്്റ്റ് ചെയ്തത്. രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേരുടെ അറസ്റ്റാണ് എന്‍.ഐ.എ രേഖപ്പെടുത്തിയത്.

പുലര്‍ച്ചെ നാലു മണിയോടെയാണ് നേതാക്കളുടെ വീടുകളിലും സംഘടനാ ഓഫീസുകളിലും ഇരു ഏജന്‍സികളുടേയും റെയ്ഡുണ്ടായത്. കേരളത്തില്‍ ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, ദേശീയ വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുറഹ്മാന്‍, മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, മുന്‍ നാഷണല്‍ കൗണ്‍സില്‍ അംഗം കരമന അശ്‌റഫ് മൗലവി, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, സംസ്ഥാന സമിതിയംഗം അംഗം യഹിയ തങ്ങള്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, തുടങ്ങിയവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.

കൂടാതെ, കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലും കൊല്ലം മേഖലാ ഓഫീസിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ണൂര്‍ താണയിലെ ഓഫീസിലും റെയ്ഡ് നടന്നു. കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഓഫീസുകളിലും റെയ്ഡ് നടന്നു. എന്‍.ഐ.എ- ഇ.ഡി സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

നടപടി ഭരണകൂട ഭീകരതയാണെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കമാണിതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പ്രതികരിച്ചു. റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി പോപുലര്‍ ഫ്രണ്ട് പ്രതിഷേധം തുടരുകയാണ്.

ഇതിനിടെ, പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എയും ഇ.ഡിയും നടത്തിയ രാജ്യവ്യാപക റെയ്ഡിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. കേരളവും തമിഴ്നാടും കര്‍ണാടകയും അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡിന്റെ വിലയിരുത്തലാവും യോഗത്തില്‍ നടക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞമാസം ആഗസ്റ്റ് 29ന് അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഒരു ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ രാജ്യമെമ്പാടുമുള്ള പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു എന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ഇന്നത്തെ റെയ്ഡ്.

TAGS :

Next Story