നിഹാലിന് വിട; കണ്ണീരോടെ യാത്രാമൊഴി നൽകി നാട്
രാവിലെ മുതൽ നിഹാലിന്റെ വീട്ടിലേക്ക് അവനെ അവസാനമായി ഒരു നോക്കുകാണാൻ ജനപ്രവാഹമായിരുന്നു.
കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന് കണ്ണീരോടെ വിട നൽകി നാട്. തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം 15 മിനിറ്റ് പൊതുദർശനത്തിന് വച്ച ശേഷം കെട്ടിനകം പള്ളിയിലെത്തിച്ചു. ഇവിടെ നടന്ന പൊതുദർശനത്തിൽ മന്ത്രി വി.എൻ വാസവനും എംഎൽഎമാരും നാട്ടുകാരുമടക്കം നിരവധി പേർ അന്ത്യാജ്ഞലി അർപ്പിച്ചു.
തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. തെരുവുനായകളുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട, സംസാരശേഷി പോലുമില്ലാത്ത 11കാരന്റെ മരണം നാടിന് തീരാനോവായി മാറി. രാവിലെ മുതൽ നിഹാലിന്റെ വീട്ടിലേക്ക് അവനെ അവസാനമായി ഒരു നോക്കുകാണാൻ ജനപ്രവാഹമായിരുന്നു. നിഹാലിനെ അറിയുന്നവരും അറിയാത്തവരും കണ്ണീർവാർത്തു.
ബഹ്‌റൈനിലുള്ള പിതാവ് നൗഷാദ് വൈകീട്ടോടെ നാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിതാവ് എത്തിയ ശേഷം ഖബറടക്കം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കാലാവസ്ഥയുൾപ്പെടുയുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ഉച്ചയോടെ തന്നെ സംസ്‌കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു തെരുവുനായകളുടെ ആക്രമണത്തിൽ നിഹാൽ കൊല്ലപ്പെട്ടത്.
വീട്ടുകാരറിയാതെ അയൽവീട്ടിലേക്ക് പോയ നിഹാലിനെ തെരുവുനായ്ക്കൾ കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. സംസാരശേഷിയില്ലാത്ത കുട്ടിയായതിനാൽ ഒന്ന് ഒച്ചവയ്ക്കാൻ പോലുമായില്ല. അതിനാൽ തന്നെ നാട്ടുകാരും സംഭവം അറിഞ്ഞില്ല. തുടർന്ന് ഏഴോടെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് സമീപത്തെ വീടിന്റെ പിറകിൽനിന്ന് ചോരയിൽ കുളിച്ച് ബോധരഹിതനായ നിലയിൽ രാത്രി എട്ടരയോടെ നിഹാലിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
നിഹാൽ മരിച്ചത് സമാനതയില്ലാത്ത വേദന സഹിച്ചാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരമാസകലം നായ്ക്കൾ കടിച്ചതിന്റെയും മാന്തിയതിന്റെയും പാടുകളുണ്ട്. തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളാണുള്ളത്. ഇടതുകാലിന്റെ തുടയിലെ മാംസം പൂർണമായും കടിച്ചെടുത്ത നിലയിലാണ്. കഴുത്തിന് പിറകിലും ചെവിക്ക് പിറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16