തന്റെ പരാമർശം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു; വിശദീകരണത്തിനില്ല: നിഖില വിമൽ
തന്റെ സംഭാഷണത്തിലെ ഒരു ഭാഗം മാത്രമെടുത്താണ് വിവാദമുണ്ടാക്കിയത്. ഒരു മാധ്യമപ്രവർത്തകൻ പോലും എന്താണ് പറഞ്ഞതെന്ന് തന്നെ വിളിച്ച് ചോദിക്കാനുള്ള മര്യാദ കാണിച്ചില്ലെന്നും നിഖില പറഞ്ഞു.
കണ്ണൂർ: കണ്ണൂരിലെ മുസ്‌ലിം വിവാഹവീടുകളിൽ സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നത് സംബന്ധിച്ച് താൻ നടത്തിയ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് നിഖില വിമൽ. അത് എവിടെ പറഞ്ഞതാണെന്ന് പോലും അറിയാതെയാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. നാടിന്റെ പ്രത്യേകത സംബന്ധിച്ച് പറഞ്ഞ ഒരു വലിയ പാരഗ്രാഫിലെ ഒരു പരാമർശം മാത്രം മാധ്യമങ്ങൾ എടുത്ത് വ്യാഖ്യാനിച്ചതാണെന്നും നിഖില വിമൽ പറഞ്ഞു. ക്ണ്ണൂർ പ്രസ് ക്ലബ്ബിൽ ജേണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശനത്തിനിടെ മാധ്യമപ്രവർത്തകരോട് നിഖില പറഞ്ഞു.
അത് സംബന്ധിച്ച് ഇനിയൊരു വിശദീകരണത്തിനും താനില്ലെന്നും നിഖില വ്യക്തമാക്കി. മാധ്യമങ്ങളാണ് അത് വിവാദമാക്കിയത്. മാധ്യമങ്ങൾ മാത്രമാണ് അത് വളച്ചൊടിച്ചത്. ഒരു സംഭാഷണത്തിൽ പറയുന്നത് ഒരിക്കലും പ്രസ്താവനയല്ല. ഒരു മാധ്യമപ്രവർത്തകനും എന്താണ് പറഞ്ഞതെന്ന് തന്നോട് ചോദിച്ചില്ല. അത് ചെയ്യാതെയാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പറഞ്ഞത് എന്താണെന്ന് തനിക്ക് കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ട് അത് സംബന്ധിച്ച് ഇനിയൊന്നും പറയില്ല. ചർച്ച നടത്തിയ മാധ്യമങ്ങൾ തന്നെ അതിന്റെ ബാക്കിയും പറഞ്ഞാൽ മതിയെന്നും നിഖില വ്യക്തമാക്കി.
അയൽവാശി എന്ന ചിത്രത്തിന്റെ ഭാഗമായി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിഖില കണ്ണൂരിലെ മുസ്‌ലിം വിവാഹ വീടുകളെക്കുറിച്ച് പരാമർശം നടത്തിയത്. മുസ്‌ലിം വീടുകളിൽ കല്യാണത്തിന് സ്ത്രീകൾ അടുക്കള ഭാഗത്താണ് ഭക്ഷണം കഴിക്കാനിരിക്കുന്നതെന്നും ഇപ്പോഴും അതിന് മാറ്റമൊന്നും വന്നിട്ടില്ലെന്നും നിഖില പറഞ്ഞിരുന്നു.
Adjust Story Font
16