നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന 2 പേർ കൂടി മരിച്ചു, മരണം നാലായി
സാരമായി പരിക്കേറ്റ 26 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്
കാസര്‍കോട്: കാസർകോട് നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2 പേർ കൂടി മരിച്ചു. കരിന്തളം മഞ്ഞളംകാട്ടെ ബിജു, തുരുത്തി ഓർക്കളത്തെ ഷിബിൻ രാജ് എന്നിവരാണ് ഇന്നലെ രാത്രി മരിച്ചത്. ഇതോടെ പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം നാല് ആയി. വെടിക്കെട്ട് അപകടത്തിൽ സാരമായി പരിക്കേറ്റ 26 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
കാസർകോട് നീലേശ്വരം, അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടയിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് നീലേശ്വരം സ്വദേശി ബിജു രാത്രി 8 മണിയോടെയും തുരുത്തി ഓർക്കളത്തെ ശാബിൻ രാജ് 12 മണിയോടെയുമാണ് മരിച്ചത്. കിനാനൂർ സ്വദേശി രതീശ് ഇന്നലെ രാവിലെയും ചോയ്യംകോട് കിനാനൂർ റോഡിലെ സന്ദീപ് ശനിയാഴ്ച രാത്രിയും മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് വെടിപ്പുരയ്ക്ക് തീ പിടിച്ച് 154 പേർക്ക് പരിക്കേറ്റത്. 97 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ ഒരാൾ വെൻ്റിലേറ്ററിലും 27 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ് ചികിത്സയിലുള്ളത്.
അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 4 പ്രതികളിൽ മൂന്നുപേർക്ക് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ജില്ലാ കോടതി സ്വമേധയാ കേസെടുത്ത് ജാമ്യവിധി റദ്ദാക്കിയിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് പി.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി കെ.ടി. ഭരതൻ, പടക്കം പൊട്ടിച്ച പി. രാജേഷ് എന്നിവർക്കാണ് അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കിയത്. സംഭവത്തിൽ ഇനി 5 പേരെ കൂടി പിടികൂടാനുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Adjust Story Font
16