Quantcast

നിപ; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

സെപ്റ്റംബർ 18 മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-16 12:50:05.0

Published:

16 Sep 2023 12:47 PM GMT

നിപ; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
X

കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചു. സെപ്റ്റംബർ 18 മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

നിപ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പിൻവലിച്ചിരുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനിലൂടെ നടത്തണമെന്ന് കലക്ടർ നേരത്തെ അറിയിച്ചിരുന്നു. ഇത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഉത്തരവ് മാറ്റിയത്.

നിലവിൽ നാല് പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് പരിശോധനാഫലം ലഭിച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്നു സ്ഥിരീകരിച്ചു. ഹൈറിസ്‌ക് വിഭാഗത്തിൽപെട്ടവരാണ് എല്ലാവരും. ഇതോടെ ആകെ നെഗറ്റീവായ സാമ്പിളുകൾ 94 ആയി. കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല അവലോകന യോഗത്തിനുശേഷം ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം നിപ ലക്ഷണങ്ങളോടെ മരിച്ചയാളുടെ സ്രവ സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ചെറുവണ്ണൂർ സ്വദേശിക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂരിന്‍റെ അഞ്ച് കിലോമീറ്റർ പരിധിയിലും കണ്ടെയ്ന്മെന്‍റ് സോൺ പ്രഖ്യാപിച്ചു.

ആഗസ്ത് 30ന് മരിച്ച കോഴിക്കോട് മരുതോങ്കര സ്വദേശി മുഹമ്മദിന്‍റെ സ്രവസാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ധേഹം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ശേഖരിച്ച സ്രവസാമ്പിള്‍ പരിശോധിച്ചതിലാണ് നിപ സ്ഥിരീകരിച്ചത് . നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് ഇത് വരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ നാല് പേര്‍ ചികിത്സയിലാണ്.

ഇന്നലെ പരിശോധിച്ച 30 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇഖ്റാ ആശുപത്രിയിൽ നിന്ന് പരിശോധനയ്ക്ക് എടുത്ത 30 സാമ്പിളുകളാണ് നെഗറ്റീവായത് . നൂറ് സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു.അതേ സമയം 325 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വൈറസ് ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 1080 ആയി. ഇതില്‍ 225 പേര്‍ ഹൈറിസ്ക് വിഭാഗത്തിലുള്‍പ്പെടും. 17 പേര്‍ ഐസോലേഷനിലും കഴിയുന്നുണ്ട്.

അതേസമയം ഇന്നലെ കോഴിക്കോട് കോർപറേഷൻ പരിധിയിലെ ചെറുവണ്ണൂർ സ്വദേശിയായ 39 കാരന് നിപ്പാ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്‍റെ വീടിന്‍റെ അഞ്ച് കിലോമീറ്റർ പരിധിയിൽ പെട്ട കോഴിക്കോട് കോർപ്പറേഷനിലെ 43,44,45,46,47,48,51 വാർഡുകളും ഫറോക്ക് മുൻസിപ്പാലിറ്റി എല്ലാ വാർഡുകളും കണ്ടൈൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈൻമെന്‍റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകി.

TAGS :

Next Story