നിപ പ്രതിരോധം; വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതി
വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിദ്ധ്യം ഉള്ളതായി പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തില്‍ അവയെ പിടികൂടുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകള്‍ ആവശ്യമാണ്
കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ച് ഉത്തരവായി. വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിദ്ധ്യം ഉള്ളതായി പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളായതിനാല്‍ വവ്വാലുകളെ പിടികൂടുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകള്‍ ആവശ്യമാണ്. വവ്വാലുകളെ കുറിച്ചുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞന്‍മാരുടേയും വെറ്റിനറി ഡോക്ടര്‍മാരുടേയും ഉപദേശവും ഇക്കാര്യത്തില്‍ ആവശ്യമുള്ളതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്.
ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി സമ്പര്‍ക്കം പുലര്‍ത്തുകയും വനം വകുപ്പിന്റെ ഭാഗത്തു നിന്നും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക, വവ്വാലുകളെ പിടിക്കുന്നതും പരിശോധനക്കായി അയക്കുന്നതും സംബന്ധിച്ച എല്ലാ പെര്‍മിഷനുകളും ഉടനടി ലഭ്യമാക്കാന്‍ സഹായിക്കുക, വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതിന് വേണ്ട സാധ്യതകളെ കുറിച്ച് വിദഗ്‌ദോപദേശം നല്‍കുക, പല ഇനം വവ്വാലുകളുടെ ഭക്ഷണ രീതികളെ കുറച്ചും, മനുഷ്യനുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം വരാതെ സൂക്ഷിക്കാനുളള നടപടികളെ കുറിച്ച് വിദഗ്‌ദോപദേശം ലഭ്യമാക്കുക എന്നിവയാണ് കമ്മിറ്റിയുടെ ചുമതലകള്‍.
നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീമതി. ദീപ കെ.എസ് ഐ.എഫ്.എസ് ചീഫ് കോര്‍ഡിനേറ്ററായാണ് കമ്മിറ്റി രൂപീകരിച്ചത്. ശ്രീ. നരേന്ദ്രബാബു ഐ.എഫ്.എസ് ( കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (ഐ & ഇ കോഴിക്കോട്), ഡോ: അരുണ്‍ സക്കറിയ, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍, കേരള വനംവകുപ്പ്, ശ്രീ.പി.ഒ. നമീര്‍ (ഡീന്‍, കോളേജ് ഓഫ് ക്ലൈമറ്റ് ചേയ്ഞ്ച് ആന്റ് എന്‍വിറോണ്‍മെന്റല്‍) ശ്രീ. ലത്തീഫ് (ഡി.എഫ്.ഒ, കോഴിക്കോട്), ശ്രീ. ജോഷില്‍ (അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്), ഡോ: അജേഷ് മോഹന്‍ദാസ് (അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍, വയനാട്) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്.
Adjust Story Font
16