കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു
ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 കാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്
കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ നിപ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി.
കഴിഞ്ഞ ദിവസം അയച്ച പതിനൊന്നു സാമ്പിളുകളുകള്‍ നെഗറ്റീവ് ആയത് വലിയ ആശ്വാസമായിരുന്നു. നിപയുമായി ബന്ധപ്പെട്ട് നിലവിലെ സമ്പർക്ക പട്ടികയിൽ 950 പേരാണുള്ളത്. അതിൽ 213 പേരാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പർക്ക പട്ടിക ഇനിയും വര്‍ധിക്കും. ഇന്ന് 15 പേരുടെ പരിശോധനഫലമാണ് പുറത്ത് വരാനുണ്ടായിരുന്നത്.
പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ചർച്ച ചെയ്യുന്നതിനുമായി സർവകക്ഷി യോഗം ഇന്ന് ചേരും. ആരോഗ്യ മന്ത്രി വീണാ ജോർജ്, ജില്ലയിലെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുക്കും. നിപ ഉറവിട കേന്ദ്രങ്ങൾ എന്ന് കരുതുന്ന പ്രദേശങ്ങളിൽ ജില്ലയിലെത്തിയ കേന്ദ്ര സംഘം സന്ദർശനം നടത്തും.ഡോ ബാലസുബ്രമണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളിൽ പരിശോധന നടത്തും.
Adjust Story Font
16