നിപ: ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്തിലെ 10,11,12,13 വാർഡുകളും ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാർഡുകളും തിരുവള്ളൂരിലെ 7,8,9 വാർഡുകളും പുറമേരിയിലെ വാർഡ് നാലിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശവുമാണ് പുതിയതായി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിലെ 9 പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോണുകളായി.
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,2,7,8,9,20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാർഡുകൾ, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകൾ,വില്യാപ്പള്ളി 3,4,5,6,7 വാർഡുകൾ, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാർഡുകൾ, പുറമേരിയിലെ 13ാം വാർഡും നാലാം വാർഡിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശവുമാണ് നിലവിൽ കണ്ടെയിൻമെന്റ് സോണുകൾ.
കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ അഞ്ചുപേർക്കാണ് നിപ സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയിലെ നിപ ബാധിതരുടെ സമ്പർക്കപ്പട്ടിക 789 ആയി ഉയർന്നെന്ന് ജില്ലാ കലക്ടർ എ.ഗീത അറിയിച്ചു. സ്വകാര്യ ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയെന്നും 11 സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി. ആകെ 20 പേരാണ് ചികിത്സയിലുള്ളത്. വീട്ടിൽ ഐസൊലേഷനിലുള്ള മൂന്ന് പേർക്ക് പനിയുണ്ട്. 4 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 30ന് മരിച്ച ആദ്യ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തന്നെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. 313 വീടുകളിൽ സർവ്വെ നടത്തിയെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
രോഗബാധിതനായ 9 വയസുകാരന്റെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡി ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ച സാഹചര്യത്തില്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് രാത്രിയോടെ എത്തിച്ചേരുമെന്ന് മന്ത്രി പറഞ്ഞു.
നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് സർക്കാർ പുറത്ത് വിട്ടിരുന്നു. 789 പേരാണ് നിപ സമ്പർക്കപട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ 371 ആളുകളും ഇദ്ദേഹത്തിന്‍റെ ബന്ധുവിന്‍റെ സമ്പർക്ക പട്ടികയിൽ 77 ആളുകളും മരിച്ച രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 ആളുകളുമാണുള്ളത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 60 ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്.
Adjust Story Font
16