Quantcast

'2019ന് ശേഷം ഇത് ആറാമത്തെ വീടാണ്'-പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് നിസാം

ഒരു പെറ്റി കേസ് പോലും ഇപ്പോൾ തന്റെ പേരിലില്ല. എന്നിട്ടും എന്ത് സംഭവമുണ്ടായാലും പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും റെയ്ഡ് നടത്തുകയും ചെയ്യുന്നത് പതിവാണെന്ന് നിസാം പറയുന്നു.

MediaOne Logo

Web Desk

  • Published:

    30 Oct 2023 8:45 AM GMT

Nisam panayikkulam about police actions
X

തൃശൂർ: പൊലീസ് തുടർച്ചയായി ബുദ്ധിമുട്ടിക്കുന്നതിനാൽ സ്ഥിരമായി താമസിക്കാൻ വീട് പോലും കിട്ടാത്ത അവസ്ഥയെന്ന് പാനായിക്കുളം സിമി ക്യാമ്പ് കേസിൽ കോടതി വെറുതെവിട്ട നിസാം. 2019ന് ശേഷം ആറാമത്തെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇന്നലെ കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് കൊണ്ടുപോയതിന് പിന്നാലെ ഇപ്പോൾ താമസിക്കുന്ന വീടും മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും നിസാം പറഞ്ഞു.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് പൊലീസ് വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത്. തണ്ടർബോൾട്ടിന്റെ അകമ്പടിയോടെ സായുധ പൊലീസ് സംഘമെത്തിയാണ് കൊണ്ടുപോയത്. മാർട്ടിൻ കുറ്റം സമ്മതിച്ചിട്ടും ആറുമണിയായ ശേഷമാണ് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. മാർട്ടിൻ കുറ്റം ഏറ്റെടുത്തില്ലായിരുന്നെങ്കിൽ അതിൽ പ്രതിചേർക്കപ്പെടുമായിരുന്നു എന്നും നിസാം പറഞ്ഞു.

2019ലാണ് ഹൈക്കോടതി വെറുതെവിട്ടത്. അതിനു ശേഷം ഓരോ സംഭവമുണ്ടാവുമ്പോഴും പൊലീസ് വൻ സന്നാഹവുമായി വന്ന് ലാപ്‌ടോപ്പും കുട്ടികൾ പഠിക്കുന്ന ഫോണും അടക്കം കൊണ്ടുപോവും. 2007ൽ കലക്ട്രേറ്റ് സ്‌ഫോടനത്തിലെ പ്രതികളെ കിട്ടിയില്ലെന്ന് പറഞ്ഞ് റെയ്ഡ് നടത്തി, കോയമ്പത്തൂരിൽ ദീപാവലിക്കുണ്ടായ സ്‌ഫോടനത്തിന്റെ പേരിലും പൊലീസ് വന്നു, ഫെബ്രുവരി 15ന് എൻ.ഐ.എ റെയ്ഡ് നടത്തി ഐ.ഡി പ്രൂഫുകൾ ഉൾപ്പെടെ എടുത്തുകൊണ്ടുപോയി. അത് ചെന്നൈ കോടതിയിൽനിന്ന് വാങ്ങാനാണ് ഇപ്പോൾ പറയുന്നതെന്നും നിസാം പറഞ്ഞു.

സൈക്കിളിന് ഡൈനാമോയില്ലാത്ത ഒരു പെറ്റി കേസ് പോലും ഇപ്പോൾ തന്റെ പേരിലില്ലെന്ന് നിസാം പറഞ്ഞു. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ടല്ല സ്റ്റേഷനിൽ കൊണ്ടുവന്നത് എന്നാണ് എസ്.പി പറയുന്നത്. സ്‌പെഷ്യൽ ബ്രാഞ്ചും ഐ.ബിയും നിരന്തരമായി ബന്ധപ്പെടാറുണ്ട്. അവർ വിളിച്ചാൽ തന്നെ ഹാജാരാകാൻ തയ്യാറാണ്. എന്നിട്ടും വൻ പൊലീസ് സന്നാഹവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് എന്തിനാണെന്നും നിസാം ചോദിക്കുന്നു. ഇതിനെതിരെ അഭിഭാഷകരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story