ഞെളിയൻ പറമ്പിലെ മാലിന്യ നീക്കം; കരാർ നീട്ടി നൽകണമെന്ന് സോണ്ട കമ്പനി
മാലിന്യ നീക്കം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കരാർ നീട്ടി ആവശ്യപ്പെടുന്നത്
കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യനീക്ക കരാർ നീട്ടിനൽകണമെന്നാവശ്യപ്പെട്ട് സോണ്ട കമ്പനി കോർപ്പറേഷന് കത്ത് നൽകും . സോണ്ടയുടെ കരാർ കാലാവധി ഇന്നവസാനിക്കും. മാലിന്യ നീക്കം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കരാർ നീട്ടി ആവശ്യപ്പെടുന്നത്. ഞെളിയൻ പറമ്പിൽ ബയോമൈനിംഗ്, ക്യാപിങ്, തുടങ്ങിയവ നടത്തുന്നതിനായി സോണ്ട കമ്പനിക്ക് കോഴിക്കോട് കോർപ്പറേഷൻ അഞ്ച് തവണയാണ് കരാർ നീട്ടി നൽകിയത്. വിവാദങ്ങൾക്കിടെ മാർച്ച് 30ന് ചേർന്ന് കോർപ്പറേഷൻ കൗൺസിൽ 30 പ്രവൃത്തി ദിവസത്തേക്ക് കൂടി കരാർ പുതുക്കി നൽകി.
ഈ കാലാവധി ഇന്നവസാനിക്കും. ബയോമൈനിംഗ് ഏകദേശം പൂർത്തിയായെന്നാണ് കമ്പനി പറയുന്നത്. ക്യാംപിംഗ് ജോലികൾ 80 ശതമാനം പൂർത്തിയായി. ആർ. ഡി.എഫ് നീക്കം ചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടേ ഉള്ളൂ. എല്ലാം പൂർത്തിയാവാൻ ഒരു മാസം കൂടി സമയം വേണം . ഈ സാഹചര്യത്തിൽ കരാർ നീട്ടിനൽകണമെന്നാവശ്യപ്പെട്ട് സോണ്ട കോർപ്പറേഷന് കത്ത് നൽകും . കമ്പനിക്ക് കരാർ നീട്ടിനൽകാതെ കർശന നടപടിയെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം
മാലിന്യ സംസ്കരണം പൂർത്തിയാക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറും കോർപ്പറേഷന് നിർദേശം നൽകിയിരുന്നു. മഴക്കാലം തുടങ്ങുന്നതിന് മുന്നേ പ്രവൃത്തി പൂർത്തിയായില്ലെങ്കിൽ ഇനിയും വൈകും.
Adjust Story Font
16