Quantcast

വരുന്ന അധ്യയന വര്‍ഷം പ്ലസ് വൺ അധികബാച്ചുകൾ മുൻകൂട്ടി അനുവദിക്കില്ല

ആദ്യഘട്ട അലോട്ട്മെന്റിന് ശേഷം പുനഃക്രമീകരിക്കും

MediaOne Logo

Web Desk

  • Updated:

    26 March 2025 7:39 AM

Published:

26 March 2025 2:40 AM

Plus One,kerala,plusone seat,പ്ലസ് വണ്‍ സീറ്റ്
X

തിരുവനന്തപുരം: 2025 - 26 അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി മുൻകൂട്ടി അധികബാച്ചുകൾ അനുവദിക്കേണ്ടെന്ന് വിദ്യാഭ്യാസവകുപ്പിന്‍റെ ഉത്തരവ്. ആദ്യഘട്ട അലോട്ട്മെന്റിന് ശേഷം ബാച്ചുകൾ പുനക്രമീകരിക്കും. സീറ്റ് ക്ഷാമം ഉണ്ടായാൽ മാത്രം അധിക ബാച്ചുകൾ അനുവദിക്കുന്നത് പരിശോധിക്കും. സംസ്ഥാനത്ത് ഉടനീളം 54000 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നേരത്തെ അനുവദിച്ച 178 താൽക്കാലിക ബാച്ചുകളും മാർജിൻ സീറ്റുകളും നിലനിർത്തിയിട്ടും കഴിഞ്ഞ വർഷം മലബാർ മേഖലയിൽ പ്ലസ് വൺ പ്രവേശനം വലിയ പ്രതിസന്ധിയായിരുന്നു. തുടർന്ന് ഒരു പ്രത്യേക സമിതിയെ നിയമിക്കുകയും ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരം വീണ്ടും മലബാറിൽ അധിക ബാച്ചുകൾ അനുവദിച്ചു. അപ്പോഴും പരാതികൾ അവസാനിച്ചില്ല. ഈ സാഹചര്യം നിലനിൽക്കേയാണ് ഇക്കുറി ഒരു അധിക ബാച്ച് പോലും മുൻകൂറായി അനുവദിക്കില്ല എന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ആദ്യഘട്ട അലോട്ട്മെൻറിന് ശേഷം കുട്ടികൾ കുറവുള്ളതോ ഒഴിഞ്ഞുകിടക്കുന്നതുമായ സീറ്റുകൾ പുനഃക്രമീകരിക്കും. എന്നിട്ടും സീറ്റ് ക്ഷാമം ഉണ്ടെങ്കിൽ മാത്രമേ അധികബാച്ചുകൾ അനുവദിക്കുന്ന കാര്യം പരിശോധിക്കൂ എന്നും വ്യക്തമാക്കിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഹയർ സെക്കൻഡറി മേഖലാ ഡപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മിറ്റികളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടർ നയിക്കുന്ന സംസ്ഥാനതല കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് ഇത്.

സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്ത് ഉടനീളം 54,966 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഇതിൽ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിവുള്ളത്. 7922 സീറ്റുകൾ. ഇത്രയധികം സീറ്റുകൾ വെറുതെ കിടക്കുന്നതിനാൽ തൽക്കാലം പുതിയ ബാച്ചുകളും സീറ്റുകളും വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു.


TAGS :

Next Story