ശനിയാഴ്ച അധ്യയന ദിവസമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല: വിദ്യാഭ്യാസ മന്ത്രി
അധ്യാപകർക്ക് അടുത്ത ആഴ്ചയിലേക്കുള്ള പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാൻ ശനിയാഴ്ച അവധി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ടി.എ രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം: ശനിയാഴ്ച അധ്യയന ദിവസമാക്കാനുള്ള തീരുമാനം നടപ്പാക്കി കഴിഞ്ഞെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപകസംഘടനകൾക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. സർക്കാർ തീരുമാനത്തിലുറച്ച് മുന്നോട്ട് പോകും. ആദ്യ ശനിയാഴ്ച ക്ലാസ് നടന്നുകഴിഞ്ഞു. ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും സന്തോഷം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരെ കെ.എസ്.ടി.എ അടക്കമുള്ള അധ്യാപകസംഘടനകൾ രംഗത്ത് വന്നിരുന്നു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാവില്ല എന്നായിരുന്നു കെ.എസ്.ടി.എ നിലപാട്. ശനിയാഴ്ച അവധി അധ്യാപകന് അടുത്ത ഒരാഴ്ചത്തേക്ക് പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാനും കുട്ടികൾക്ക് ഒരാഴ്ച പഠിപ്പിച്ച പാഠങ്ങൾ പഠിക്കാനുമാണ്. വിദ്യാഭ്യാസ കലണ്ടർ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് ഭേദഗതി വരുത്തണം. ഇപ്പോൾ തന്നെ പ്രൈമറിയിൽ 800ഉം സെക്കൻഡറിയിൽ ആയിരവും ഹയർ സെക്കൻഡറിയിൽ 1200ഉം മണിക്കൂറുകളാണ് അധ്യയന സമയമായി വരേണ്ടത്. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ച് മണിക്കൂർ എന്ന നിലയിൽ 200 പ്രവൃത്തിദിനങ്ങൾ നിലവിലുണ്ട്. അതിനാൽ ശനിയാഴ്ച പ്രവർത്തിദിനമാക്കേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ടി.എ നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16