ലഹരി വിരുദ്ധ പോരാട്ടത്തിൽ ഒപ്പം ചേർന്ന് മീഡിയവൺ
ഇന്നത്തെ വാർത്താനേരം മുഴുവൻ ലഹരിവിമുക്ത നാടിനായി ശബ്ദമുയരും
സംസ്ഥാനത്തെ ലഹരി വിരുദ്ധ പോരാട്ടത്തിൽ ഒപ്പം ചേർന്ന് മീഡിയവണും. ഇന്നത്തെ വാർത്താനേരം മുഴുവൻ ലഹരിവിമുക്ത നാടിനായി ശബ്ദമുയരും. വാർത്താ പരമ്പര 'ഉണരൂ'വിന് ലഭിച്ച പിന്തുണ, ലഹരി വിരുദ്ധ പോരാട്ടത്തിന് ഞങ്ങൾക്ക് കൂടുതൽ ഊർജമാകുന്നു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ, തൽസമയം എത്തുന്ന പ്രത്യേക പരിപാടി രാവിലെ 10 മണിക്ക് തുടങ്ങി.
ലഹരിക്കെതിരെയുള്ള പോരാട്ടം വാക്കുകളിൽ മാത്രം ഒതുങ്ങേണ്ട കാലഘട്ടമല്ല ഇത്. അവിശ്വസനീയമായ രീതിയിൽ ലഹരി മാഫിയ പിടിമുറുക്കിയ ഈ നാളുകളിൽ പ്രതിരോധം അനിവാര്യമാണ്. ഉത്തരവാദിത്വ മാധ്യമപ്രവർത്തനത്തിലൂന്നി സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയ മാധ്യമ മുഖം തുറക്കുകയാണ് മീഡിയവൺ. ഒരു മാസമായി തുടരുന്ന 'ഉണരൂ' എന്ന വാർത്താ പരമ്പരക്ക് സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണ അനിവാര്യമായ ഒരു പോരാട്ടത്തിന് ഞങ്ങൾക്ക് കരുത്ത് പകരുന്നു. ഒരു പകൽ മുഴുവൻ ലഹരിക്കെതിരായുള്ള പോരാട്ടത്തിന് വാർത്തകളിലൂടെ മൂർച്ചകൂട്ടുകയാണ് മീഡിയവൺ.
രാവിലെ 10 മണിക്ക് തുടങ്ങിയ പ്രത്യേക തത്സമയ സംവാദത്തിൽ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും കലാ സാംസ്കാരിക കായിക രംഗത്തെ പ്രമുഖരും അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളുമെല്ലാം പങ്കെടുക്കുന്നു. കേരളത്തിലെ മുഴുവൻ ന്യൂസ് ബ്യൂറോകളിൽ നിന്നും ലഹരിക്കെതിരായ പോരാട്ടത്തിന്റെ അടയാളപ്പെടുത്തലുകൾ വാർത്തകളായി എത്തും. അറിവുകൾ, അനുഭവങ്ങൾ, ആശങ്കകൾ, കണക്കുകൾ, പ്രതീക്ഷകൾ എല്ലാം നമുക്ക് ഒരുമിച്ച് പങ്കിടാം. ഈ ജനകീയ പ്രതിരോധം നാടിന്റെ ജയത്തിനായാണ്. ലഹരി വിരുദ്ധ മുദ്രാവാക്യം ഉറക്കെ വിളിക്കാൻ മീഡിയവൺ ഒപ്പമുണ്ട്.
Adjust Story Font
16