തൃശ്ശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ ചേർന്ന യോഗത്തിൽ അന്തിമ തീരുമാനമായില്ല
തൃശ്ശൂർ പൂരം എക്സിബിഷന്റെ തറവാടക സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കാനായില്ല
തൃശ്ശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ ചേർന്ന യോഗത്തിൽ അന്തിമ തീരുമാനമായില്ല. തറവാടക സംബന്ധിച്ച് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ സർക്കാർ തലത്തിൽ കൂടിയാലോചിക്കും. ശേഷം നാലിന് കോടതിയിൽ സർക്കാർ തീരുമാനം അറിയിക്കും. പൂരം പ്രൗഢിയോടെ തന്നെ നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
തൃശ്ശൂർ പൂരം എക്സിബിഷന്റെ തറവാടക സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കാനായില്ല. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെയും റവന്യൂ മന്ത്രി കെ രാജന്റെയും നേതൃത്വത്തിലായിരുന്നു യോഗം.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും കൊച്ചിൻ ദേവസ്വം ബോർഡും തങ്ങളുടെ നിലപാടുകൾ മന്ത്രിമാരെ ബോധിപ്പിച്ചു. തുടർന്ന് സർക്കാർ തലത്തിൽ കൂടിയാലോചിച്ച് പ്രശ്നപരിഹാരം നാലിന് കോടതിയിൽ അറിയിക്കാമെന്ന് മന്ത്രിമാർ യോഗത്തിൽ അറിയിച്ചു. പൂരത്തെ തടസ്സപ്പെടുത്തുന്നതൊന്നും സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
എക്സിബിഷനായി ഭൂമി സൗജന്യമായി വിട്ടു നൽകണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായി ടി.എൻ പ്രതാപൻ എംപിയും പറഞ്ഞു. നാലിന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനം.
Adjust Story Font
16