ഉദ്ഘാടനമില്ല; കുതിരാൻ തുരങ്കപാത തുറന്നു
കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെയാണ് കുതിരാൻ ഇരട്ട തുരങ്കങ്ങളിലൊന്ന് ഉദ്ഘാടനമോ പ്രത്യേക ചടങ്ങോ ഒന്നുമില്ലാതെ രാത്രി ഏഴരയോടെ ഗതാഗതത്തിനു തുറന്നുകൊടുത്തത്
പാലക്കാട്-തൃശൂർ ദേശീയപാതയിൽ ദീർഘനാളായി യാത്രാകുരുക്കായി കിടന്ന കുതിരാൻ തുരങ്കപാത ഗതാഗതത്തിനു തുറന്നുകൊടുത്തു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെയാണ് കുതിരാൻ ഇരട്ട തുരങ്കങ്ങളിലൊന്ന് ഉദ്ഘാടനമോ പ്രത്യേക ചടങ്ങോ ഒന്നുമില്ലാതെ രാത്രി ഏഴരയോടെ തുറന്നത്. പാലക്കാട്ടുനിന്ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് ഗതാഗതം ആരംഭിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര ഉപരിതല മന്ത്രി നിതിൻ ഗഡ്കരി കുതിരാൻ ഇരട്ടതുരങ്കങ്ങളിലൊന്ന് ഗതാഗതത്തിനായി തുറക്കുമെന്ന് അറിയിച്ചത്. കേരളത്തിലെ ആദ്യത്തെ തുരങ്കപാതയായ കുതിരാനിൽ ഒരു ലൈനിൽ ഇന്നുമുതൽ ഗതാഗതം അനുവദിക്കുമെന്ന് ഗഡ്കരി ട്വിറ്ററിൽ അറിയിച്ചു. നേരത്തെ, സംസ്ഥാന സർക്കാരിനുകീഴിലെ വിവിധ വകുപ്പുകളുടെ പരിശോധനകൾ ഇവിടെ പൂർത്തിയാക്കിയിരുന്നു.
എന്നാൽ, ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക അറിയിപ്പ് സംസ്ഥാന സർക്കാരിനു ലഭിച്ചില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. ഇന്നു തുറക്കുമെന്ന നിതിൻ ഗഡ്ക്കരിയുടെ ട്വീറ്റ് കണ്ടു. സന്തോഷമുള്ള കാര്യം തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന കാര്യങ്ങളെല്ലാം സംസ്ഥാന സർക്കാർ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി കരാറുകാരുമായും കേന്ദ്രസംഘവുമായും ചർച്ച നടത്തിയതാണ്. സർക്കാർ ഈ വിഷയത്തിൽ വലിയ ഇടപെടൽ നടത്തി. അടുത്ത ഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും റിയാസ് വ്യക്തമാക്കി.
പല പ്രശ്‌നങ്ങൾ ഉണ്ടായതിന്റെ പേരിലാണ് പണികൾ നീണ്ടുപോയതെന്നും കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ കാര്യമായ ഇടപെടലുണ്ടായെന്നും സ്ഥലം എംഎൽഎ കൂടിയായ റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു ദിവസം പറയണമെന്ന് മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റി എല്ലാ നടപടികളും പൂർത്തിയാക്കിയതായി ഇന്നലെയാണ് അറിയിച്ചതെന്നും രാജൻ പറഞ്ഞു.
തുരങ്കത്തിന്റെ നിർമാണം കഴിഞ്ഞതായി കരാർ കമ്പനി അറിയിച്ചിരുന്നു. തുരങ്കം സന്ദർശിച്ച ദേശീയപാതാ ഉദ്യോഗസ്ഥർ റിപ്പോർട്ട് റീജ്യനൽ ഓഫിസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോർട്ട് പരിഗണിച്ച് അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായിരുന്നു. കുതിരാൻ തുറക്കുന്നതോടെ കോയമ്പത്തൂർ-കൊച്ചി പാതയിലെ യാത്രാസമയം വലിയ രീതിയിൽ കുറയും.
Adjust Story Font
16