'ഇ.പി ജയരാജനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല': ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം
#BanEPJayarajan,#ArrestEPJayarajan എന്നീ ഹാഷ് ടാഗുകള്‍ ആണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്
തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ വിമാനക്കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം. വിമാനത്തില്‍ പ്രതിഷേധിച്ച യാത്രക്കാരായ രണ്ടു പേരെ പിടിച്ചുതള്ളിയതിന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ നടപടി പരാമര്‍ശിക്കാത്ത റിപ്പോര്‍ട്ടിനെതിരെയാണ് ഇന്‍ഡിഗോയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധമുയരുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജര്‍ ഇന്‍ഡിഗോ കമ്പനിയെ പ്രതിനിധീകരിച്ച് വ്യാജ റിപ്പോര്‍ട്ട് എഴുതുകയാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാതെ മറച്ചുവെച്ചതായും നിരവധി പേര്‍ ആരോപിച്ചു. ഇന്‍ഡിഗോ വിമാനത്തിനകത്ത് ഇ.പി ജയരാജന്‍ രണ്ട് യാത്രക്കാരെ കായികമായി നേരിട്ടതായും ചൂണ്ടിക്കാട്ടുന്നു. ഇ.പി ജയരാജനെ വിമാനയാത്രയില്‍ നിന്നും വിലക്കണമെന്നും അറസ്റ്റു ചെയ്യണമെന്നും നിരവധി പേര്‍ ഇന്‍ഡിഗോ കമ്പനിയോട് ആവശ്യപ്പെട്ടു. #BanEPJayarajan,#ArrestEPJayarajan എന്നീ ഹാഷ് ടാഗുകള്‍ ആണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്.
മൂന്നു പേർ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നയാൾ ഇവരെ തടഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ പേര് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധമുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത് വിമാനത്തിന് അകത്താണ് എന്നുള്ള വിശദീകരണമാണ് വിമാനക്കമ്പനി നൽകുന്നത്.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ മൂന്നാമത്തെ പ്രതിക്കായുള്ള ലുക്കൗട്ട് നോട്ടീസും പൊലീസ് പുറത്തിറക്കും.
മുഖ്യമന്ത്രിയെ വിമാനത്തിൽവച്ച് വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും വിവരങ്ങൾ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ ഗൂഢാലോചന ഉൾപ്പടെ പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന് ഡി.ജി.പി നൽകിയ നിർദേശം. വിമാനത്തിൽ ഇവർക്കൊപ്പം യാത്ര ചെയ്തവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ചാണ് ഇത്. ജൂഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആയിരുന്നു നിലവിൽ കേസ് പരിഗണിച്ചിരുന്നത്.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനുവാണ് സർക്കാറിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. വിമാനത്തിൽവച്ച് മുഖ്യമന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഏറ്റവും കുറവ് സുരക്ഷ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് പ്രതികൾ വിമാനം തെരഞ്ഞെടുത്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതി 13 കേസുകളിൽ പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Adjust Story Font
16