വൈറ്റ് ഗാർഡിന്റെ ഊട്ടുപുര പൂട്ടാൻ ആരും ഉത്തരവിട്ടിട്ടില്ലെന്ന് മന്ത്രി കെ. രാജൻ; അവരുടെ സേവനം മഹത്തരം
'ഒരു സന്നദ്ധപ്രവർത്തകരെയും തടുത്തിട്ടില്ല. ബെയ്‍ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തിൽ സർക്കാറിന് ഉറപ്പുവരുത്തണം'.
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തകർക്കുൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഭക്ഷണശാല പൂട്ടാൻ ആരും ഉത്തരവിട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. വൈറ്റ് ഗാർഡിന്റെ സേവനം മഹത്തരമാണ്. ആരെയും തടയാൻ ഞങ്ങൾ നിശ്ചയിച്ചിട്ടില്ല. ഒരു തർക്കത്തിനും ഇപ്പോൾ ഇടയില്ല. നമ്മൾ ഒറ്റമനസായി നിൽക്കേണ്ട സമയമാണ്. ഇപ്പോൾ വേണ്ടത് വിവാദമല്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
'എല്ലാം സന്നദ്ധപ്രവർത്തകരെയും കൂട്ടിച്ചേർത്ത് ഈ മിഷൻ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ രാഷ്ട്രീയമില്ല. മലയാളി ലോകത്തിനു മുമ്പിൽ ഭക്ഷണത്തിന്റെ പേരിൽ അപമാനിക്കപ്പെടണോ?. ഡേറ്റ് കഴിഞ്ഞ ബ്രഡ് സർക്കാർ കൊടുത്തുവെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ ബ്രഡ് കൊടുത്തിട്ടില്ല. രാവിലെ ഉപ്പുമാവും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണവും കൊടുത്തു. സർക്കാറല്ല, മൂന്നരക്കോടി മലയാളി അവന്റെ ഹൃദയത്തിൽനിന്ന് വച്ചുനീട്ടിയതാണ്'.
'ഒരു സന്നദ്ധപ്രവർത്തകരെയും തടുത്തിട്ടില്ല. ബെയ്‍ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തിൽ സർക്കാറിന് ഉറപ്പുവരുത്തണം. പുറത്ത് സന്നദ്ധപ്രവർത്തകർ എത്ര ഭക്ഷണം വേണമെങ്കിലും കൊടുത്തോട്ടേ. വാഹനങ്ങൾ അകത്തേക്ക് കൊണ്ടുവന്ന് ഷൂട്ടിങ്ങും ഭക്ഷണം കൊടുക്കലും കുറച്ച് അവസാനിപ്പിക്കുന്നത് നല്ലതാണ്'- മന്ത്രി പറഞ്ഞു. ലോകത്തിന് മാതൃകയാകും വിധം പുനരധിവാസത്തിന് കേരള മോഡൽ രൂപപ്പെടുത്തുമെന്നും തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈറ്റ് ഗാർഡ് മേപ്പാടി കള്ളാടിയിൽ ഒരുക്കിയ ഊട്ടുപുര കഴിഞ്ഞദിവസം പൊലീസ് നിർത്തിവെപ്പിച്ചതോടെയാണ് വിവാദം ചൂടുപിടിച്ചത്. ഭക്ഷണ വിതരണം നിർത്തിയതോടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കടക്കം ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നിരുന്നു. സർക്കാർ തീരുമാനത്തിനെതിരെ രക്ഷാപ്രവർത്തകരും യൂത്ത് ലീഗ്, കോൺഗ്രസ് നേതാക്കളും രൂക്ഷവിമർശനവുമായി രംഗത്തെത്തുകയും സോഷ്യൽമീഡിയയിലടക്കം വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.
വിവാദം കനത്തതോടെ ഊട്ടുപുര നിർത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ രംഗത്തുവന്ന മന്ത്രി മുഹമ്മദ് റിയാസ്, വൈറ്റ്ഗാർഡിന് ഭക്ഷണശാല തുടരാമെന്നും വ്യക്തമാക്കിയിരുന്നു. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. പൊലീസിന്റേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അവർ പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
യൂത്ത് ലീഗ് നേതൃത്വവുമായി സംസാരിച്ചു. ഊട്ടുപുര നടത്തുന്നതിന് ഒരു തടസവുമില്ല. സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ. അതല്ലാത്തവയ്ക്ക് തടസമില്ലെന്നും മന്ത്രി പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കാൻ ആരോ ശ്രമിക്കുകകയാണെന്നും അത് വകവയ്ക്കാതെ ഇതുവരെയുളള ഐക്യത്തോടെ എല്ലാവരും മുന്നോട്ടുപോകണമെന്നും മുഹമ്മദ് റിയാസ് അഭ്യർഥിച്ചു.
മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലുൾപ്പെടെ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി മേപ്പാടിയിൽ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഊട്ടുപുരയാണ് സർക്കാർ പൂട്ടിച്ചത്. ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമായിരുന്നു ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്ഗാർഡ് അറിയിച്ചിരുന്നു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകർ പറഞ്ഞിരുന്നു.
ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും ഈ ഊട്ടുപുരയിൽ നിന്ന് നാലു ദിവസം സൗജന്യമായി ഭക്ഷണം ലഭിച്ചിരുന്നു. സർക്കാർ നിർദേശത്തെ തുടർന്ന് ഊട്ടുപുര പൂട്ടേണ്ടിവന്നത് ചൂണ്ടിക്കാട്ടി സംഘാടകർ ഫ്ലക്സ് കെട്ടിയതിനെതുടർന്ന് സംഭവം വാർത്തയാവുകയായിരുന്നു.
'പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാൾ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനും നിങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവർത്തകർക്ക് ആഹാരം നൽകാനും കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗർഭാഗ്യവശാൽ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ലെന്നും ബഹുമാനപ്പെട്ട ഡി.ഐ.ജി തോംസൺ ജോസ് അറിയിച്ചതുപ്രകാരം ഞങ്ങൾ ഈ സേവനം അവസാനിപ്പിക്കുകയാണ്'- നാദാപുരം നരിപ്പറ്റ വൈറ്റ്ഗാർഡ് പറഞ്ഞു.
Read Also'സഹായിക്കേണ്ടത് നേരിട്ടല്ല, ജില്ലാ ഭരണകൂടവുമായി സഹകരിച്ചാവണം'; വൈറ്റ്ഗാർഡിന്റെ സൗജന്യ ഊട്ടുപുര പൂട്ടിയതിൽ മന്ത്രി
Read Alsoമുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തകർക്ക് സൗജന്യ ഭക്ഷണം വിളമ്പിയ യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചു
Read Also'തീരുമാനങ്ങൾ നടപ്പാക്കേണ്ടത് സേവനസന്നദ്ധരായ മനുഷ്യരുടെ മനസിടിച്ചു കൊണ്ടാകരുത്'; ഊട്ടുപുര പൂട്ടിച്ചതിൽ വിമർശനം ശക്തം
Adjust Story Font
16