'ജോലിയെടുക്കാതെ പദവിയിൽ തുടരാനാവില്ല'; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി റിയാസ്
ശബരിമല തീർഥാടനത്തിന് ഉപയോഗിക്കുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 15നകം പൂർത്തിയാക്കണം
തിരുവനന്തപുരം: ശബരിമല റോഡ് പ്രവൃത്തി വൈകുന്നതിൽ ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശകാരം. ഫീൽഡിൽ പോയി പരിശോധന നടത്താതെ പദവിയിൽ തുടരാനാകില്ല, ജോലിയെടുക്കാതെ ഇരിക്കാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീർഥാടനത്തിന് ഉപയോഗിക്കുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 15നകം പൂർത്തിയാക്കണം. ഒക്ടോബർ 19, 20 തീയതികളിൽ മന്ത്രിതല സംഘം റോഡുകളിലുടെ സഞ്ചരിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. പദ്ധതി നിർവഹണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി വിലയിരുത്താൻ ചേർന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രധാനമായി ഉപയോഗിക്കുന്ന 19 റോഡുകൾക്ക് പ്രത്യേക പ്രാധാന്യം നൽകി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മണ്ഡലകാലത്തിന് മാസങ്ങൾ ഉണ്ടെങ്കിലും നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനാണ് തീരുമാനം. ലക്ഷകണക്കിന് തീർഥാടകർ വരുന്ന സാഹചര്യത്തിൽ റോഡുകളുടെ പൊതുസ്ഥിതി വിലയിരുത്താനാണ് ഇന്ന് യോഗം ചേർന്നതെന്നും മന്ത്രി പറഞ്ഞു.
ചില ഉദ്യോഗസ്ഥർ നല്ലരീതിയിൽ പ്രവർത്തനവുമായി മുന്നോട്ടുപോകുന്നുണ്ട്. എന്നാൽ ചിലർ അലസത കാണിക്കുന്നുണ്ട്. സാങ്കേതികത്വം പറഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകിക്കാൻ അനുവദിക്കില്ല. പദ്ധതി നിർവഹണത്തിൽ വീഴ്ച വരുത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. മുഹമ്മദ് റിയാസ് അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങളിൽ തീർഥാടകർക്ക് താമസ സൗകര്യം ഒരുക്കും. ഇതിനായി ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാൻ തീരുമാനിച്ചു. എരുമേലിയിൽ ശബരിമല സത്രം ബിൽഡിംഗ് വിഭാഗത്തിന്റേയാണ്. ഇവിടെ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കും. ഡോർമിറ്ററി സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡോർമിറ്ററി സംവിധാനവും ഓൺലൈൻ സംവിധാനത്തിലേക്ക് കൊണ്ടുവരും. തീർഥാടകർക്കായി എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
Adjust Story Font
16