'വാടകക്കുടിശ്ശിക ഇല്ല, ബ്ലാസ്റ്റേഴ്‌സ് ട്രയൽ തടഞ്ഞതിൽ പങ്കില്ല'; എം.എൽ.എയെ തള്ളി സ്‌പോർട്‌സ് കൗൺസിൽ
പ്രതിപക്ഷ കൗൺസിലർമാർ എത്തിയാണ് ഗേറ്റ് തുറന്ന് നൽകിയത്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് മുടങ്ങിയ സംഭവത്തിൽ പി.വി.ശ്രീനിജൻ എം.എൽ.എയെ തള്ളി സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി. കഴിഞ്ഞ മാസം വരെയുള്ള വാടക കേരളബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌സ് കൗൺസിൽ നൽകിയിട്ടുണ്ടെന്നും വാടക കുടിശ്ശിക ഇല്ലെന്നും ഷറഫലി മീഡിയവണിനോട് പറഞ്ഞു. നൂറുക്കണക്കിന് കുട്ടികളെ പൊരിവെയിലത്ത് നിർത്തിയ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
'വർഷങ്ങളായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്‌സ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്രൗണ്ടാണ് ഇത്. അവരുടെ ദിവസേനയുള്ള പ്രവർത്തനങ്ങൾ സ്‌പോർട്‌സ് കൗൺസിലിനെ അറിയിക്കേണ്ടതില്ല. ട്രയൽസ് തടഞ്ഞത് അങ്ങേയറ്റം മോശമായ കാര്യമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദീർഘയാത്ര കഴിഞ്ഞെത്തിയ കുട്ടികളെ ബുദ്ധിമുട്ടിക്കരുതായിരുന്നു..' യു.ഷറഫലി പറഞ്ഞു.
സ്‌പോർട്‌സ് കൗൺസിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതുകൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ എം.എൽ.എയുടെ വിശദീകരണം. ഗേറ്റ് പൂട്ടിയതോടെ നൂറിലധികം കുട്ടികൾ പുറത്തിരിക്കേണ്ടിവന്നു. പിന്നീട് പ്രതിപക്ഷ കൗൺസിലർമാർ എത്തിയാണ് ഗേറ്റ് തുറന്ന് നൽകിയത്.
കഴിഞ്ഞ എട്ടുമാസത്തെ വാടകയായ എട്ടു ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് എംഎൽഎ പറഞ്ഞത്. കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് പലതവണ ക്ലബിനെ സമീപിച്ചെങ്കിലും പ്രശ്‌നപരിഹാരത്തിന് വന്നില്ലെന്നും എം.എൽ.എ പറയുന്നു.
Adjust Story Font
16