രാജിയില്ല; ഗവർണറുടെ അന്ത്യശാസനം തള്ളി വി.സിമാർ
ഗവർണറുടെ അന്ത്യശാസനത്തെ എതിർത്ത് സർവകലാശാല വി.സിമാർ ഹൈക്കോടതിയിൽ
തിരുവനന്തപുരം: വി.സിമാർ 11.30 ന് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി വി.സിമാർ. ഇതുവരെ ഒരു സർവകലാശാല വി.സിമാരും രാജിവെച്ചില്ല. ഗവർണറുടെ ആവശ്യത്തെ നിയമപരമായി നേരിടാനാണ് വി.സിമാരുടെ നീക്കം. എറണാകുളം ഗസ്റ്റ് ഹൗസിൽ വി.സിമാരുടെ അടിയന്തര യോഗം ചേർന്നു.
ഗവർണറുടെ അന്ത്യശാസനത്തെ എതിർത്ത് സർവ്വകലാശാല വി.സിമാർ ഹൈക്കോടതിയെ സമീപിക്കും. വി.സിമാർ നിയമവിദഗ്ധരുമായും കൂടിക്കാഴ്ച നടത്തും. കേരള, കണ്ണൂർ, കാലിക്കറ്റ് മലയാളം സർവകലാശാലയിലെ വി.സിമാരാണ് ഇന്ന് കൊച്ചിയിൽ എത്തിച്ചേരുക. ഇവരുടെ സ്റ്റാൻഡിങ് കൗൺസിലർമാരെല്ലാം കൊച്ചിയിലാണുള്ളത്. ഇവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഗവർണറുടെ അസാധാരണ നടപടിയെ എതിർത്ത് വി.സിമാർ ഹൈക്കോടതിയെ സമീപിക്കുക. കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ, കാലിക്കറ്റ് സർവകലാശാല വി.സി എം.കെ ജയരാജൻ, കേരള സർവകലാശാല വി.സി വി.പി മഹാദേവൻ പിള്ള എന്നിവരാണ് നിലവിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന നൽകിയിരിക്കുന്നത്. എ.ജിയുമായി ഇവർ കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കൂടിക്കാഴ്ച നടത്താൻ പദ്ധതിയില്ലെന്നാണ് എ.ജിയുടെ വിശദീകരണം.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഇപ്പോൾ ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം വി.സിമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നിയമനാധികാരി ഗവർണറാണെന്നിരിക്കെ വി.സി നിയമനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസിമാരാണോയെന്നത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്. അതിലൂടെ നീതിയും നിയമവും നിഷ്‌കർഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാൻസലർ കൂടിയായ ഗവർണർ മറക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വി.സിമാർ രാജിവെച്ചില്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി പുറത്താക്കുമെന്ന് രാജ്ഭവൻ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Adjust Story Font
16