അടുത്ത സ്‌കൂൾ കലോത്സവം മുതൽ മാംസാഹാരം ഉൾപ്പെടുത്തും: വി.ശിവൻകുട്ടി
ഇത്തവണ നോൺവെജ് ഭക്ഷണം വിളമ്പാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി
കോഴിക്കോട്: കേരള സ്‌കൂൾ കലോത്സവത്തിൽ അടുത്ത വർഷം മുതൽ വെജ്, നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് മാന്വലിലോ മറ്റ് നിയമത്തിലോ പരിഷ്‌കാരം വരുത്തണമെങ്കിൽ അത് ചെയ്യും. ഇത്തവണ നോൺവെജ് ഭക്ഷണം വിളമ്പാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
'കുട്ടികളാണ് കഴിക്കുന്നത്. വീട്ടില്‍ നിന്ന് മാറി ഭക്ഷണം കഴിക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കണം. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. രണ്ടു ദിവസത്തിനുള്ളിൽ മാംസാഹാരം ഉള്‍പ്പെടുത്താന്‍ സാധ്യമാകുമോ എന്ന് പരിശോധിക്കും. സർക്കാറിനെ സംബന്ധിച്ച് ഇക്കാര്യത്തിൽ ഒരു ബുദ്ധിമുട്ടില്ലെന്നും ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്നും അതില്‍ സന്തോഷമേയൊള്ളൂ എന്നും മന്ത്രി പറഞ്ഞു.
കലോത്സവത്തിന്‍റെ ഭക്ഷണത്തെച്ചൊല്ലിയുള്ള വി.ടി ബല്‍റാമിന്‍റെ പ്രസ്താവനയോടും വി.ശിവന്‍കുട്ടി പ്രതികരിച്ചു. 'യു.ഡി.എഫ് കാലത്ത് വി.ടി ബൽറാം ഉറങ്ങുകയായിരുന്നോ? പെട്ടെന്ന് എങ്ങനെയാണു ഇത്തരം വിമർശനങ്ങൾ ഉയർന്നു വരുന്നത്. ഇതൊക്കെ കലോത്സവം നന്നായി നടന്നുപോകുന്നതിലുള്ള അസൂയയും കുശമ്പുമാണ്. അതില്‍ രാഷ്ട്രീയം കാണുകയാണെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16