എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു; കണ്ടെത്തിയത് സ്‌കൂൾ വിദ്യാർഥികളിൽ
മൂന്നുദിവസത്തേക്ക് സ്‌കൂൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി
കാക്കനാട്: എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികളിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ സാമ്പിൾ പരിശോധനയിൽ നിന്നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടുതൽ കുട്ടികൾക്ക് രോഗം പകർന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. രോഗവ്യാപനം തടയാൻ മൂന്നുദിവസത്തേക്ക് സ്‌കൂൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും ഈ വൈറസ് കാരണമാകുന്നുണ്ട്. പ്രായഭേദമന്യേ വൈറസ് എല്ലാവരെയും ബാധിക്കും. കുട്ടികളിലും പ്രായമായവരിലും ഈ രോഗം ഗുരുതരമായാക്കാം. മലിന ജലത്തിലൂടെയും വൃത്തിഹീനമായ ഭക്ഷണത്തിലൂടെയുമാണ് രോഗാണു പകരുന്നത്. സമ്പർക്കത്തിലൂടെയും രോഗം പകരും.സമ്പൂർണവിശ്രമമാണ് രോഗികൾക്ക് ആവശ്യം. ഒ.ആർ.എസ് ലായനിയും തിളപ്പിച്ച വെള്ളവും കുടിച്ച് വിശ്രമിക്കണം.കുറഞ്ഞത് രണ്ടുദിവസം പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.
Adjust Story Font
16