മേഘവിസ്‌ഫോടനമല്ല; തീവ്രമഴക്ക് കാരണം ന്യൂനമർദ്ദം രൂപപ്പെട്ടത്:കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ
സംസ്ഥാനത്തിന് കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും മോഹപത്ര മീഡിയ വണ്ണിനോട് പറഞ്ഞു
കേരളത്തിൽ മേഘവിസ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും അതിശക്തമായ മഴക്ക് കാരണം അതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്യുഞ്ജയ മോഹപത്ര. ന്യൂനമർദ്ദം രൂപപ്പെട്ടത് തീവ്രമഴക്ക് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന് കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും മോഹപത്ര മീഡിയ വണ്ണിനോട് പറഞ്ഞു.
തുടർദിവസങ്ങളിൽ മഴ കുറയുമെന്നും സംസ്ഥാനത്ത് ഇന്ന് മാത്രമായിരിക്കും മഴയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അറിയിച്ചു. എന്നാൽ 20, 21 ദിവസങ്ങളിൽ ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യൂന മർദ്ദം ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പുണ്ട്. കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ഒക്ടോബർ 20 മുതൽ തുടർന്നുള്ള മൂന്നു നാലു ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16