അയ്യൻകാളിയെ അധിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ കഴിയാത്തത് ഗുരുതര വീഴ്ച: റസാഖ് പാലേരി
പരസ്യമായ അധിക്ഷേപങ്ങളുണ്ടായിട്ടും നിരവധി പരാതികൾ ലഭിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനാവാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം വരേണ്യതയോടുള്ള കീഴ്‌പ്പെടലാണെന്നും റസാഖ് പാലേരി പറഞ്ഞു.
തിരുവനന്തപുരം: മഹാത്മാ അയ്യൻകാളിയെ അധിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ചയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സാമൂഹ്യ മാധ്യമങ്ങളിലൂടെ തുടരുന്ന അധിക്ഷേപങ്ങൾ സംസ്ഥാന സർക്കാറും `പൊലീസും കണ്ടില്ലെന്ന് നടിക്കുന്നത് കേരളത്തിന് അപമാനമാണ്. അധിക്ഷേപം നടത്തുന്ന ജാതി വെറിയന്മാരുടേത് വിദ്വേഷ പ്രചാരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള കുറ്റകരമായ പ്രവർത്തനമാണ്. പരസ്യമായ അധിക്ഷേപങ്ങളുണ്ടായിട്ടും നിരവധി പരാതികൾ ലഭിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനാവാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം വരേണ്യതയോടുള്ള കീഴ്‌പ്പെടലാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും നിരവധി പരാതികളാണ് കഴിഞ്ഞ ഒരു മാസക്കാലയളവിൽ കേരളത്തിലെ ജില്ലാ പോലീസ് മേധാവികൾക്കും ഡി.ജി.പിക്കും ലഭിച്ചിട്ടുള്ളത്. തലസ്ഥാന നഗരിയിലും മറ്റുമായി നിരവധി തെരുവ് പ്രക്ഷോഭങ്ങളും സംഘടിപ്പിക്കപ്പെടുകയുണ്ടായി. ഈ ഇടപെടലുകളെയും ദലിത് സമുദായത്തെ തന്നെയും അവഹേളിക്കുന്ന രീതിയിലാണ് അജ്ഞാത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അയ്യൻകാളിയെ അധിക്ഷേപിക്കുന്നത് തുടരുന്നത്. വിദ്വേഷം വമിപ്പിക്കുന്ന ഇത്തരത്തിലൊരു കുറ്റകൃത്യം അരങ്ങേറിയിട്ടും ഇടപെടൽ നടത്താൻ കഴിയാത്തത് ഒരു ഭാഗത്ത് സർക്കാരിന്റെ വീഴ്ചയായിരിക്കെ, മറുഭാഗത്ത് കേരളത്തിന്റെയും ഭരിക്കുന്ന ഇടതുപക്ഷത്തിന്റെയും വരേണ്യ മനോഭാവത്തെ കൂടിയാണത് പ്രകടമാക്കുന്നത്. സവർണ ബിംബങ്ങൾ അധിക്ഷേപിക്കപ്പെട്ട സന്ദർഭങ്ങളിൽ നാനാതുറകളിൽ നിന്നും പ്രതിഷേധമുയർത്തിയവർ തുടരുന്ന മൗനവും ഈ വംശീയ ബോധത്തിന് അടിവരയിടുന്നതാണ്. അരമനകളിലും ഇല്ലങ്ങളിലും പറന്നെത്തി 'സാന്ത്വന' സ്പർശങ്ങൾ നടത്തുന്ന ഇടതുപക്ഷ മന്ത്രിമാരുള്ള നാട്ടിലാണ് അയ്യൻകാളി നിരന്തരമായി അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ അപലപിക്കാൻ പോലും തയ്യാറാവാത്തവരുടെ സവർണദാസ്യം തുറന്നെതിർക്കപ്പെടണം. കുറ്റവാളികളെ കണ്ടെത്തുന്നതിനാവശ്യമായ നടപടികൾ ശക്തമാക്കുന്നതിന് ജനപ്രതിനിധികളടക്കമുള്ളവർ കക്ഷി രാഷ്ട്രീയ ഭേദമന്യേ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണ നടപടികൾ ഊർജിതമാക്കാൻ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പട്ടികജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരെ കണ്ട് സംസാരിച്ചതിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ പത്രക്കുറിപ്പിലാണ് റസാഖ് പാലേരി ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാന ട്രഷറർ കെ.സജീദ് ഖാലിദ്, സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Adjust Story Font
16