' സെമിനാറില്‍ പങ്കെടുക്കാതിരുന്നത് അനാരോഗ്യം മൂലം'; വിശദീകരണവുമായി കാലിക്കറ്റ് വി.സി
സര്‍വകലാശാല കാമ്പസിലെ ഗവർണർക്ക് എതിരായ ബാനറിൽ ഇന്ന് വിശദീകരണം നൽകുമെന്നും വി.സി
കോഴിക്കോട്: ഗവർണർ പങ്കെടുത്ത സനാതനധർമ്മ ചെയറിന്റെ സെമിനാറിന് എത്താത്തതിൽ വിശദീകരണവുമായി കാലിക്കറ്റ് സർവകലാശാല വിസി എം.കെ ജയരാജ്. അനാരോഗ്യം കാരണമാണ് സെമിനാറിൽ പങ്കെടുക്കാതിരുന്നതെന്ന് എംകെ ജയരാജ് പറഞ്ഞു. പകരം ചുമതല നൽകേണ്ട പ്രൊ.വിസി സ്ഥലത്തുണ്ടായിരുന്നില്ല. കാമ്പസിലെ ഗവർണർക്ക് എതിരായ ബാനറിൽ ഇന്ന് വിശദീകരണം നൽകുമെന്നും വി.സി വ്യക്തമാക്കി. സെമിനാറിൽ പങ്കെടുക്കാക്കതിന് ഇത് വരെ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും വി.സി വ്യക്തമാക്കി.
സനാതന ധർമ ചെയറിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാറിലാണ് ഗവർണർ പങ്കെടുത്തത്. ഇന്നലെ വൈകീട്ട് നാലിന് സർവകലാശാലാ കാംപസിലെ ഇ.എം.എസ് സെമിനാർ കോംപ്ലക്‌സിലായിരുന്നു സെമിനാർ നടന്നത്. വി.സി ഡോ. എം.കെ ജയരാജ് ആയിരുന്നു സെമിനാറിൽ അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്.
കടുത്ത എസ്.എഫ്.ഐ പ്രതിഷേധത്തിനിടെയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെമിനാർ ഹാളിലെത്തിയത്. നേരത്തെ നിശ്ചയിച്ചതുപോലെ നാല് മണിക്ക് തന്നെ ഗവർണർ സെമിനാർ ഹാളിൽ പ്രവേശിച്ചു.ഗസ്റ്റ് ഹൗസിനും സെമിനാർ ഹാളിനും പുറത്ത് വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണു വൻ പൊലീസ് സന്നാഹത്തിൽ അദ്ദേഹം ഹാളിലെത്തിയത്. പരിപാടിയിൽ പങ്കെടുത്ത ശേഷം വൈകീട്ടോടെ തിരുവനന്തപുരത്തേക്കു മടങ്ങുകയും ചെയ്തു.
Adjust Story Font
16