അമിതകൂലി നൽകിയില്ല; അടിമാലിയിൽ ചുമട്ടുതൊഴിലാളികളുടെ മർദനം
ഐഎൻടിയുസി യൂണിയനിൽ പെട്ട ചുമട്ടുതൊഴിലാളികൾ മർദിച്ചതെന്നാണ് പരാതി
ഇടുക്കി: അടിമാലിയിൽ അമിതകൂലി നൽകാത്തതിന്റെ പേരിൽ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളെ ഐഎൻടിയുസി യൂണിയനിൽ പെട്ട ചുമട്ടുതൊഴിലാളികൾ മർദിച്ചതായി പരാതി. ഗ്ലാസ് ഇറക്കുന്നതിന് ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ട തുക നൽകാനാകില്ലെന്ന് കടയുടമ അറിയിച്ചതിനെ തുടർന്നായിരുന്നു മർദനം. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്കേറ്റു.
ഈ മാസം രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. അടിമാലിയിലെ ജോയ് എന്റർപ്രൈസ് എന്ന സ്ഥാപനത്തിലെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്ഥാപനത്തിലേക്ക് വന്ന ലോറിയിൽ നിന്ന് അഞ്ച് ഗ്ലാസ് ഇറക്കുന്നതിന് അയ്യായിരം രൂപ വേണമെന്നായിരുന്നു ചുമട്ടുതൊഴിലാളികളുടെ ആവശ്യം. ഇത് ഉടമ അംഗീകരിച്ചില്ല.
ലോഡ് ഇറക്കുന്നതിന് ഉടമ തന്നെയാണ് ചുമട്ടുതൊഴിലാളികൾ വിളിച്ചുവരുത്തിയത്. എന്നാൽ, അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവരെ പിരിച്ചുവിട്ട ശേഷം കടയിലെ ജീവനക്കാർ തന്നെ ലോഡിറക്കുകയായിരുന്നു, ഇതിനിടെയാണ് മടങ്ങിയെത്തിയ ചുമട്ടുതൊഴിലാളികൾ ജീവനക്കാരെ മർദിച്ചതെന്ന് കടയുടമയുടെ പരാതിയിൽ പറയുന്നു. മർദനത്തിൽ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളികൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Adjust Story Font
16