'വിഭാഗീയ പ്രവർത്തനമല്ല'; മലപ്പുറത്ത് നാളെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തുമെന്ന് എ ഗ്രൂപ്പ്
ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും യുദ്ധ വിരുദ്ധ സദസും സംഘടിപ്പിക്കാനാണ് തീരുമാനം
മലപ്പുറം: നാളെ ജില്ലയിൽ നടത്താൻ തീരുമാനിച്ച ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് മാറ്റമില്ലെന്ന് കോൺഗ്രസ് എ ഗ്രൂപ്പ്. പരിപാടി വിഭാഗീയ പ്രവർത്തനമല്ലെന്നും എ ഗ്രൂപ്പ് അറിയിച്ചു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിലാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയും യുദ്ധ വിരുദ്ധ സദസും സംഘടിപ്പിക്കുക.
എ ഗ്രൂപ്പ് നടത്താൻ തീരുമാനിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിന് കെ.പി.സി.സിയുടെ വിലക്ക് ഉണ്ടായിരുന്നു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.സി.സി പരിപാടി സംഘടിപ്പിച്ചിരുന്നു. അതിനാൽ മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നാണ് കെ.പി.സി.സി അറിയിച്ചത്.
പരിപാടിയെ വിഭാഗീയ പ്രവർത്തനമായി കാണുമെന്ന് ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി അയച്ച കത്തിൽ പറയുന്നുണ്ട്. പരിപാടിക്കെതിരെ ഡി.സി.സി പ്രസിഡന്‍റ് വി.എസ്.ജോയ് ആണ് കെ.പി.സി.സിക്ക് പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ആര്യാടൻ ഷൗക്കത്തുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ പരിപാടിയിൽ നിന്ന് പിൻമാറാൻ സംഘാടകർ തയാറായിരുന്നില്ല. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കെ.പി.സി.സി താക്കീത് നൽകിയിരിക്കുന്നത്.
എന്നാൽ തങ്ങള്‍ക്ക് അങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ പ്രതികരണം. മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്ത് വിഭാഗീയത അതി ശക്തമാണ്.
Adjust Story Font
16