പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു
തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. 91 വയസായിരുന്നു
കെ.വി രാമനാഥന്‍
തൃശൂര്‍: പ്രശസ്ത ബാലസാഹിത്യകാരനും നോവലിസ്റ്റും അധ്യാപകനുമായ കെ.വി രാമനാഥന്‍ അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖം മൂലം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മണമ്മൽ ശങ്കര മേനോന്‍റെയും കൊച്ചുകുട്ടി അമ്മയുടെയും മകനായി 1932 ആഗസ്ത് 29ന് ഇരിങ്ങാലക്കുടയിലാണ് ജനനം. ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 1951 മുതൽ 1987 വരെ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ അധ്യാപകനായും ഹെസ്‌മാസ്‌റ്ററായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഗായകനായ പി. ജയചന്ദ്രന്‍, അന്തരിച്ച നടൻ ഇന്നസെന്‍റ് തുടങ്ങിയവർ ശിഷ്യൻമാരായിരുന്നു.
കേരള ബാലസാഹിത്യ അക്കാദമി പ്രസിഡന്‍റ്, കേരള ചിൽഡ്രൻസ് ബുക്ക്ട്രസ്റ്റിന്‍റെ ഓണററി മെമ്പർ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭരണസമിതി അംഗം, ഡൽഹിയിലെ എഡബ്ല്യുഐസി അംഗം എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. പ്രവാഹങ്ങൾ, ചുവന്ന സന്ധ്യ (നോവൽ), രാഗവും താളവും, കർമകാണ്ഡം (കഥകൾ), അപ്പുക്കുട്ടനും ഗോപിയും, മാന്ത്രികപ്പൂച്ച, മുന്തിരിക്കുല, സ്വർണത്തിന്‍റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, അത്ഭുതവാനരന്മാർ, സ്വർണമുത്ത്, രാജുവും റോണിയും, അത്ഭുതനീരാളി, അദൃശ്യമനുഷ്യൻ, കളിമുറ്റം, ചെകുത്താൻമാർ സൂക്ഷിക്കുക, കുഞ്ഞുറുമ്പും കുളക്കോഴിയും, ടാഗോർ കഥകൾ (ബാലസാഹിത്യം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.
മികച്ചബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്. എസ് പിസിഎസ് പുരസ്‌കാരം, സമസ്ത കേരള സാഹിത്യ പരിഷത്ത് ചെറുകഥാ മത്സരം ഒന്നാം സമ്മാനം, കൈരളി ചിൽഡ്രൻസ് ബുക്ക്ട്രസ്റ്റ് അവാർഡ്, ഭീമ സ്മാരക അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
രാധയാണ് ഭാര്യ. മാധ്യമപ്രവർത്തകയും കേരള സംഗീത നാടക അക്കാദമി ഡയറക്ടറുമായ രേണു രാമനാഥ്, ഇന്ദുകല എന്നിവർ മക്കളും പരേതനായ ചിത്രകാരൻ രാജൻ കൃഷ്‌ണൻ, അഡ്വ. കെ ജി അജയകുമാർ എന്നിവർ മരുമക്കളുമാണ്.
Adjust Story Font
16