Quantcast

കോവിഡ് ചികിത്സക്ക് ബെഡ് മാറ്റിവെച്ചില്ല: സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടീസ്

24 മണിക്കൂറിനകം മതിയായ കാരണം കാണിച്ചില്ലെങ്കിൽ ആശുപത്രികള്‍ക്കെതിരെ നടപടി

MediaOne Logo

Web Desk

  • Published:

    4 May 2021 12:20 PM GMT

കോവിഡ് ചികിത്സക്ക് ബെഡ് മാറ്റിവെച്ചില്ല: സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടീസ്
X

50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പാലിക്കാത്ത ആറു സ്വകാര്യ ആശുപത്രികൾക്കു കാരണം കാണിക്കൽ നോട്ടിസ്. 24 മണിക്കൂറിനകം ആശുപത്രികൾ മതിയായ കാരണം കാണിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമ പ്രകാരവും പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരവും നടപടി സ്വീകരിക്കുമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കോവിഡ് വ്യാപന സാഹചര്യത്തിൽ ജില്ലയിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായാണു സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശം നൽകിയത്. ചില ആശുപത്രികൾ ഇതു പാലിക്കുന്നില്ലെന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു കാരണം കാണിക്കൽ നോട്ടിസ് നൽകിയതെന്നു ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ പറഞ്ഞു.

തലസ്ഥാന ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വെള്ളറട രുഗ്മിണി മെമ്മോറിയൽ ആശുപത്രിയെ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കിയതായി (സി.എസ്.എൽ.റ്റി.സി) ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവിടെയുള്ള 300 കിടക്കകളിൽ 225 എണ്ണം സി.എസ്.എൽ.റ്റി.സിക്കായും 50 എണ്ണം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള രോഗികൾക്കായും മാറ്റിവയ്ക്കും. 25 കിടക്കകൾ ആശുപത്രിയിൽ നേരിട്ടെത്തുന്ന കോവിഡ് രോഗികൾക്കു നൽകും. കോവിഡ് രോഗികളുടെ ബ്ലോക്ക് ഒഴിച്ച് മറ്റുള്ള സ്ഥലങ്ങളിൽ നോൺ കോവിഡ് ഒ.പി പ്രവർത്തിപ്പിക്കും. ആവശ്യമെങ്കിൽ 300 കിടക്കകളും സി.എസ്.എൽ.റ്റി.സിക്കായി ഏറ്റെടുക്കും.

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ തിരുവനന്തപുരം, ചിറയിൻകീഴ് താലൂക്കുകളിൽ രണ്ടുവീതം ഡി.സി.സികൾ (ഡൊമിസിലറി കെയർ സെന്റർ) ഏറ്റെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ 250 കിടക്കകൾ ഉണ്ടാകും. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഇവിടെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും ഡി.സി.സികളിൽ ആവശ്യമായ ജീവനക്കാരെ ഉടൻ നിയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.

TAGS :

Next Story