കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ; പൊലീസിന് നേരെ തോക്ക് ചൂണ്ടി
കേരളത്തിൽ മാത്രം 33 കേസുകളിലെ പ്രതിയായ ഇയാളെ കുറേക്കാലമായി പൊലീസ് അന്വേഷിച്ചുവരികയാണ്.
തൃശൂർ: കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ. തൃശൂർ കൊരട്ടിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ശ്രീധരൻ തോക്ക് ചൂണ്ടി.
കേരളത്തിൽ മാത്രം 33 കേസുകളിലെ പ്രതിയായ ഇയാളെ കുറേക്കാലമായി പൊലീസ് അന്വേഷിച്ചുവരികയാണ്. പാലിയേക്കര മുതൽ പിന്തുടരുകയും കൊരട്ടിയിൽ വച്ച് പിടിയിലാവുകയായിരുന്നു.
2010ന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഒന്നര വർഷം മുമ്പ് ഇയാളെ പിടികൂടാൻ പ്രത്യേകസംഘത്തെയും കേരള പൊലീസ് രൂപീകരിച്ചിരുന്നു. ഈ സംഘം വ്യാപകമായി തെരച്ചിൽ നടത്തിവരവെയാണ് ഇന്ന് പിടിയിലായത്.
പിടികൂടുന്നതിനിടെ പൊലീസിനു നേരെ നിറതോക്ക് ചൂണ്ടിയെങ്കിലും വളരെ ശ്രമപ്പെട്ട് പ്രതിയെ കീഴടക്കുകയായിരുന്നു. കേരളം കൂടാതെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
കർണാടക പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ശ്രീധരനെ പിടികൂടാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കർണാടക പൊലീസ് തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
Adjust Story Font
16