വൃദ്ധ ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദ രാജ് എന്ന പൂച്ചാണ്ടിയാണ് അറസ്റ്റിലായത്
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് മോഷണശ്രമം തടയാൻ ശ്രമിച്ച വൃദ്ധ ദന്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ് ഗോവിന്ദ രാജ് എന്ന പൂച്ചാണ്ടി. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദ രാജ് അൻപതിലധികം മോഷണ കേസുകളിൽ പ്രതിയാണ്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പാലപ്പുറത്തെ സുന്ദരേശനെയും ഭാര്യ അംബിക ദേവിയെയും വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ ഒരു മണിക്കൂർ കൊണ്ടാണ് പൊലീസ് പിടികൂടിയത്. പഴനി സ്വദേശി ബാലൻ എന്നാണ് ആദ്യം മൊഴി നൽകിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് കുപ്രസിദ്ധ മോഷ്ട്ടാവ് ഗോവിന്ദ രാജ് എന്ന പൂച്ചാണ്ടിയാണ് പിടിയിലായതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
തമിഴ്‌നാട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ എന്നിവിടങ്ങളിലായി ഇയാൾക്കെതിരെ അൻപതിലധികം മോഷണക്കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മോഷണക്കേസിൽ പെട്ട് കോയമ്പത്തൂർ ജയിലിലായ പൂച്ചാണ്ടി നവംബർ 5 നാണ് ഇറങ്ങിയത്. ദമ്പതികളെ വെട്ടി പരിക്കേപ്പിച്ച ശേഷം ഇയാൾ മൊബൈൽ ഫോൺ മോഷ്ട്ടിച്ചു. ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വെട്ടാൻ ഉപയോഗിച്ച കത്തി സമീപത്തെ കുളത്തിലേക്ക് വലിച്ചെറിഞ്ഞതായും പ്രതി പൊലീസിനോട് പറഞ്ഞു. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മോഷണക്കേസിൽ ഗോവിന്ദ രാജിനെപ്പം നേരത്തെ ഭാര്യയും അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്.
Adjust Story Font
16